India
രാത്രി കര്‍ഫ്യൂകളും ഭാഗിക ലോക്ഡൌണുകളും കൊണ്ട് കോവിഡ് വ്യാപനം തടയാനാവില്ലെന്ന്  ഹര്‍ഷവര്‍ധന്‍
India

രാത്രി കര്‍ഫ്യൂകളും ഭാഗിക ലോക്ഡൌണുകളും കൊണ്ട് കോവിഡ് വ്യാപനം തടയാനാവില്ലെന്ന് ഹര്‍ഷവര്‍ധന്‍

Web Desk
|
27 March 2021 7:27 AM GMT

എന്നാല്‍ വാക്സിനേഷന്‍ പോലുള്ള പൊതുജനാരോഗ്യ പരിപാടികള്‍ കോവിഡിന്‍റെ രണ്ടാം വരവിനെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു

രാത്രി കര്‍ഫ്യൂകളും ഭാഗിക ലോക്ഡൌണുകളും ഏര്‍പ്പെടുത്തിയതുകൊണ്ട് മാത്രം കോവിഡ് വ്യാപനം തടയാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. എന്നാല്‍ വാക്സിനേഷന്‍ പോലുള്ള പൊതുജനാരോഗ്യ പരിപാടികള്‍ കോവിഡിന്‍റെ രണ്ടാം വരവിനെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ടൈംസ് നെറ്റ്‍വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക അകലം പാലിക്കല്‍ കോവിഡ് വ്യാപനത്തെ തടയിടാനുള്ള ഫാർമസ്യൂട്ടിക്കൽ ഇടപെടല്‍ മാത്രമാണ്. തെളിവുകള്‍ അടിസ്ഥാനമാക്കിയായിരിക്കണം അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറേക്കണ്ടത്. ഈ സാഹചര്യത്തിൽ, രാത്രി കർഫ്യൂ അല്ലെങ്കിൽ ഭാഗിക ലോക്ഡൌണുകള്‍ വേണ്ടത്ര ഗുണം ചെയ്യില്ല.

യോഗ്യതയ്ക്കുള്ള പ്രായപരിധി ക്രമേണ കുറച്ചുകൊണ്ട് സർക്കാർ വാക്സിനേഷൻ ഡ്രൈവ് വിപുലീകരിക്കുമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരിക്കും മുന്‍ഗണന. തുടക്കം മുതലെ ശാസ്ത്രത്തെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനമാക്കിയാണ് മഹാമാരിയുടെ ആഘാതം ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ പ്രശംസക്ക് തന്നെ അത് കാരണമായിയെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ഇപ്പോൾ സജ്ജമാണ്. വാക്സിനുകൾ കോവിഡ് പകരുന്നത് തടയുന്നുണ്ടോ എന്നും അവയുടെ സംരക്ഷണം എത്രത്തോളം നീണ്ടുനിൽക്കുമെന്നും വ്യക്തമല്ലെങ്കിലും വാക്സിനേഷൻ രാജ്യത്തിന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts