മോദിയെ പേടിച്ച് എ.ഐ.എ.ഡി.എം.കെ; ചുവരെഴുത്തുകളില്‍ പേര് പോലും മായ്ക്കുന്നു
|കടുത്ത ബി.ജെ.പി വിരുദ്ധ വികാരമുള്ള തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം എ.ഐ.ഡി.എം.കെക്ക് തലവേദനയായിരിക്കുകയാണ്
തമിഴ്നാട്ടില്‍ മോദി വിരുദ്ധ തരംഗം ഭയന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും ചുവരെഴുത്തുകളിലും നരേന്ദ്ര മോദിയുടെ പേര് പോലും ഒഴിവാക്കുന്നു. നേരത്തെ മോദിയുടെ പേരെഴുതിയ ചുവരെഴുത്തുകളില്‍ നിന്ന് പോലും മോദിയുടെ പേര് കുമ്മായമടിച്ച് മായ്ക്കുകയാണ്. പകരം ജയലളിതയുടെ പേര് ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പോലും ഉപയോഗിക്കുന്നത്. കടുത്ത ബി.ജെ.പി വിരുദ്ധ വികാരമുള്ള തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം എ.ഐ.ഡി.എം.കെക്ക് തലവേദനയായിരിക്കുകയാണ്. ബി.ജെ.പിയുമായുള്ള സഖ്യം വഴി നരേന്ദ്ര മോദിയുടെ പ്രചാരണം കൂടിയായാല്‍ മൂന്നോ നാലോ ശതമാനം വോട്ട് വര്‍ധിപ്പിക്കാമെന്നായിരുന്നു എ.ഐ.ഡി.എം.കെയുടെ ധാരണ. എന്നാല്‍ പത്ത് ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകള്‍ അത് വഴി നഷ്ടമാകുമെന്ന് എ.ഐ.ഡി.എം.കെ ഇപ്പോള്‍ ഭയക്കുന്നു. ഇതോടെ, സി.ഐ.എ വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണച്ച എ.ഐ.ഡി.എം.കെ ഇപ്പോള്‍ , സിഎഎ നടപ്പാക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രചാരണ റാലികളില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
തമിഴ്നാട്ടില്‍ എ.ഐ.ഡി.എം.കെ സഖ്യത്തില്‍ കേവലം ഇരുപത് സീറ്റുകളിലാണ് ബി.ജെ.പി മല്‍സരിക്കുന്നത്. സഖ്യകക്ഷിയായിരുന്ന വിജയകാന്തിന്റെ എം.ഡി.എം.കെ മുന്നണി വിട്ടതോടെ സഖ്യകക്ഷികളാരുമില്ലാതെ മല്‍സരിക്കേണ്ടി വന്നതാണ് ബി.ജെ.പിയുമായി സഖ്യം ചേരാന്‍ എ.ഐ.ഡി.എം.കെയെ പ്രേരിപ്പിച്ചത്. എന്നാല്‍, ബി.ജെ.പിയുടെ താര സ്ഥാനാര്‍ത്ഥിയായ ഖുശ്ബു പോലും ജയലളിതയുടെ ചിത്രം വെച്ചാണ് പോസ്റ്ററുകള്‍ ഇറക്കുന്നതെന്ന് ശ്രദ്ധേയമാണ്. മോദി പ്രചാരണത്തിനെത്താത്തത് മുമ്പ് തമിഴ്നാട്ടിലെത്തിയ മോദിയ ഗോബാക്ക് മോദി ഹാഷ്ടാഗുകളുമായി തമിഴ്നാട്ടുകാര്‍ നേരിട്ടത് പോലുള്ള തിരിച്ചടികളുണ്ടാവുമെന്ന് ഭയന്നാണ്. സ്മൃതി ഇറാനിയാണ് തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിട്ടുള്ളത്.