മുന്‍ക്രിക്കറ്ററും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ അശോക് ദിന്‍ഡക്ക് നേരെ ആക്രമണം
|പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞടുപ്പിന് രണ്ട് ദിനം മാത്രം ബാക്കിനില്‍ക്കെ മറ്റൊരു അക്രമസംഭവം കൂടി
പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞടുപ്പിന് രണ്ട് ദിനം മാത്രം ബാക്കിനില്‍ക്കെ മറ്റൊരു അക്രമസംഭവം കൂടി. മൊയ്‌ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന അശോക് ദിന്‍ഡയെയാണ് അജ്ഞാത സംഘം അക്രമിച്ചത്. റോഡ്‌ഷോ കഴിഞ്ഞ് മടങ്ങിവരവേ വൈകുന്നേരം 4.30ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുമ്പ് വടിയും കല്ലുകളുമായി എത്തിയ സംഘം ദിന്‍ഡ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ ചിത്രങ്ങള്‍ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കല്ലുകളും ചിത്രങ്ങളില്‍ കാണാം. ദിന്‍ഡയുടെ കഴുത്തിനും തോളിനുമാണ് പരിക്കേറ്റത്. അതേസമയം അക്രമത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍, സംസ്ഥാന ബി.ജെ.പിയിലെ അതൃപ്തിയാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പറയുന്നു.
West Bengal: Former cricketer and BJP candidate from Moyna, Ashok Dinda attacked by unidentified people in Moyna. Details awaited. pic.twitter.com/wxu6mT335v
— ANI (@ANI) March 30, 2021
അതേസമയം മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പെടുന്നതിനാൽ 30 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നിർണായകമാണ്. ബി.ജെ.പിയെ നന്ദിഗ്രാമിൽ നിന്നും ബംഗാളില്‍ നിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. എന്നാല്‍ ബംഗാളില്‍ മാറ്റം സാധ്യമാകണമെങ്കില്‍ സുവേന്ദു അധികാരി ജയിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.