India
ഒരു ദിവസം മാത്രം; പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് ഇങ്ങനെ
India

ഒരു ദിവസം മാത്രം; പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് ഇങ്ങനെ

Andrés
|
30 March 2021 1:55 PM GMT

ഒരൽപ സമയവും ശ്രദ്ധയും മാറ്റിവെച്ചാൽ നിങ്ങൾക്ക് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ദിനമായ മാർച്ച് 31-ന് അവസാനിക്കുകയാണ്. ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഏപ്രിൽ ഒന്ന് മുതൽ ഉപയോഗശൂന്യമായേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. തിയ്യതി നീട്ടിനൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ 1000 രൂപ പിഴയൊടുക്കുകയും പുതിയ പാൻ കാർഡിന് അപേക്ഷിക്കേണ്ടി വരികയും ചെയ്യും എന്നർത്ഥം.

ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു മുതൽക്കുള്ള നിരവധി സേവനങ്ങൾക്ക് അനിവാര്യമാണ് നിലവിൽ പാൻ കാർഡ്. കാർഡ് റദ്ദാവുകയാണെങ്കിൽ വാഹനങ്ങളുടെ വാങ്ങൽ, വില്പന, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകൾക്ക് തടസ്സം നേരിടും.

ഈ സാഹചര്യത്തിൽ ഒരൽപ സമയവും ശ്രദ്ധയും മാറ്റിവെച്ചാൽ നിങ്ങൾക്ക് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പാൻ, ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ആധാർ പ്രൂഫായി നൽകി പാൻ കാർഡ് എടുത്ത പലരും, തങ്ങളുടെ കൈവശമുള്ള ഇരുകാർഡുകളും തമ്മിൽ സ്വമേധയാ ബന്ധിച്ചിട്ടുണ്ടെന്ന തെറ്റായ ധാരണ പുലർത്താറുണ്ട്. ഏതായാലും ലളിതമായ പരിശോധനയിലൂടെ ഇക്കാര്യത്തിലുള്ള സംശയങ്ങൾ ദൂരീകരിക്കാനും കാർഡുകൾ ബന്ധിപ്പിക്കാനും കഴിയും.

എങ്ങനെ പരിശോധിക്കാം?

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ (incometaxindiaefiling.gov.in) വഴിയാണ് പരിശോധിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യേണ്ടത്. സൈറ്റിൽ പോയതിനു ശേഷം ഇടതുവശത്ത് നാലാമതായി കൊടുത്തിരിക്കുന്ന Link Aadhaar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ തുറന്നുവരുന്ന പേജിന്റെ മുകൾ ഭാഗത്തുള്ള Click Here എന്ന ലിങ്കിൽ പോയി നിങ്ങളുടെ ആധാർ, പാൻ നമ്പറുകൾ എന്റർ ചെയ്യുകയും View Link Aadhaar Status എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

കാർഡുകൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ പച്ച നിറത്തിലുള്ള ഒരു സന്ദേശം ലഭിക്കും.

എങ്ങനെ ബന്ധിപ്പിക്കാം?

ഇനി, പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞ Link Aadhaar ആണ് ഉപയോഗിക്കേണ്ടത്. അതിൽ ആവശ്യപ്പെട്ടതു പ്രകാരം പാൻ നമ്പർ, ആധാർ നമ്പർ, ആധാറിൽ നൽകിയിരിക്കുന്ന പേര് എന്നിവ നൽകുക.

ആധാറിൽ ജന്മദിനത്തിനു പകരം ജന്മവർഷം മാത്രമാണുള്ളതെങ്കിൽ അതുമായി ബന്ധപ്പെട്ടുള്ള കോളം ടിക്ക് ചെയ്യാൻ മറക്കരുത്. തുടർന്ന് ഇമേജ് ക്യാപ്ചയിൽ ഉള്ള അക്ഷരങ്ങൾ തൊട്ടുതാഴെയുള്ള ബോക്‌സിൽ എന്റർ ചെയ്ത് താഴെയുള്ള Link Aadaar എന്ന ബട്ടൺ അമർത്തുക. ക്യാപ്ച വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഒ.ടി.പി ആവശ്യപ്പെടാനുള്ള ഓപ്ഷനുമുണ്ട്. അത് ഉപയോഗിക്കുന്നവർ മൊബൈലിൽ വരുന്ന ഒ.ടി.പിയാണ് നൽകേണ്ടത്.

ശരിയായ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ അക്കാര്യം സൂചിപ്പിക്കുന്ന ഇളംപച്ച പശ്ചാത്തലമുള്ള സന്ദേശം സ്‌ക്രീനിൽ തെളിയും. കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ മിനുട്ടുകൾക്കുള്ളിൽ തന്നെ പാൻ ആധാറുമായി ബന്ധിച്ചിട്ടുണ്ടാകും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts