India
ഹെല്‍മെറ്റ് പരിശോധനക്കിടെ ഗര്‍ഭിണിയെ 3 കിലോമീറ്റര്‍ നടത്തിച്ചു; എസ്.ഐക്ക് സസ്പെന്‍ഷന്‍
India

ഹെല്‍മെറ്റ് പരിശോധനക്കിടെ ഗര്‍ഭിണിയെ 3 കിലോമീറ്റര്‍ നടത്തിച്ചു; എസ്.ഐക്ക് സസ്പെന്‍ഷന്‍

Web Desk
|
30 March 2021 6:16 AM GMT

പരിശോധനക്കായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഗുരുബാരി എന്ന യുവതിയും ഭര്‍ത്താവ് വിക്രം ബിരുളിയും

ഹെൽമെറ്റ് പരിശോധനയ്ക്കിടെ ഗർഭിണിയെ മൂന്ന് കിലോമീറ്റർ നടത്തിയ സബ് ഇന്‍സ്പെക്ടറെ ജില്ലാ പൊലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു.

ഒഡിഷ, മയൂർഭഞ്ച് ജില്ലയിലെ ശരത് പൊലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജ് (ഒഐസി) റീന ബക്‌സലിനെയാണ് മാര്‍ച്ച് 28 മുതല്‍ സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍റെ ചുമതല അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ബി.ഡി ദാസ്മോഹപത്രയ്ക്ക് കൈമാറാൻ റീന ബക്സലിനോട് ആവശ്യപ്പെട്ടു.

പരിശോധനക്കായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഗുരുബാരി എന്ന യുവതിയും ഭര്‍ത്താവ് വിക്രം ബിരുളിയും. ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഗുരുബാരി ഹെല്‍മെറ്റ് വച്ചിരുന്നില്ല. കാരണം വ്യക്തമാക്കിയെങ്കിലും ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുരുബാരിക്ക് 500 രൂപ പിഴ ചുമത്തുകയും ചെയ്തു.

അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി പിഴ അടക്കാന്‍ വിക്രമിനോട് റീന ആവശ്യപ്പെട്ടു. ഗുരുബാരിയെ ബൈക്കില്‍ കയറാനും സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് പൊള്ളുന്ന വെയിലത്ത് മൂന്നു കിലോമീറ്ററോളം ഗുരുബാരി നടക്കാന്‍ നിര്‍ബന്ധിതയായി. സംഭവം വിവാദമാവുകയും അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts