India
പോരാട്ടം ബി.ജെ.പിക്കെതിരെ, ഒന്നിച്ചു നില്‍ക്കുക സോണിയ ഗാന്ധിക്ക് മമതയുടെ കത്ത്
India

'പോരാട്ടം ബി.ജെ.പിക്കെതിരെ, ഒന്നിച്ചു നില്‍ക്കുക' സോണിയ ഗാന്ധിക്ക് മമതയുടെ കത്ത്

Web Desk
|
31 March 2021 12:17 PM GMT

സോണിയ ഗാന്ധി അടക്കമുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കാണ് മമത ബാനര്‍ജി കത്തയച്ചിരിക്കുന്നത്.

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യപ്രതിപക്ഷ നേതാക്കള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്. സോണിയ ഗാന്ധി അടക്കമുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കാണ് മമത ബാനര്‍ജി കത്തയച്ചിരിക്കുന്നത്. ജനാധിപത്യത്തിന്​ നേരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ഒരുമിച്ച് നേരിടാനും സമരമുഖത്തിറങ്ങാൻ സമയമായെന്നും​ ചൂണ്ടിക്കാട്ടിയാണ് മമതയുടെ കത്ത്.

സോണിയ ഗാന്ധിക്ക്​ പുറമെ ശരദ്​ പവാർ, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്​, ഉദ്ധവ്​ താക്കറെ, അരവിന്ദ്​ കെജ്​രിവാൾ, നവീൻ പട്​നായിക്​ തുടങ്ങിയവർക്കാണ്​ മമത കത്തയച്ചിരിക്കുന്നത്​.

ബി.ജെ.പി നടത്തുന്ന അക്രമണങ്ങള്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനക്കെതിരുമാണെന്ന് ചൂണ്ടിക്കാട്ടുന്ന കത്തില്‍ ഏഴു നിര്‍ദേശങ്ങളും മമത കുറിക്കുന്നുണ്ട്. ബി.ജെ.പിക്ക്​ പകരം വിശ്വാസയോഗ്യമായ ഒരു ബദലിനെ രാജ്യത്തെ ജനങ്ങൾക്ക്​ മുമ്പാകെ മുന്നോട്ടുവെക്കണം എന്നതാണ്​ കത്തിലെ പ്രധാന ഉള്ളടക്കം. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്​ ശേഷം പ്രതിപക്ഷ കക്ഷികൾ ഇതിനായി ഒന്നിക്കണമെന്നും മമത എഴുതുന്നു.

ഡൽഹിയിൽ ലഫ്റ്റനന്‍റ് ഗവർണർക്ക്​ കൂടുതൽ അധികാരങ്ങൾ നൽകി പാസാക്കിയ വിവാദ നിയമവും മമത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിനും കോർപറേറ്റിവ്​ ഫെഡറലിസത്തിനും നേരെയുള്ള ബി.ജെ.പിയുടെ കടന്നുകയറ്റങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണെന്ന് മമത കത്തിൽ വിശദീകരിക്കുന്നു​. സംസ്​ഥാന സർക്കാരു​കളുടെ അധികാരത്തിൽ വെള്ളം ചേർക്കാൻ തയ്യാറാകുന്ന ബി.ജെ.പി, പ്രദേശിക സർക്കാരുകളെ തരംതാഴ്​ത്താനാണ്​ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.​

സ്വേച്​ഛാധിപത്യത്തിലേക്ക്​ രാജ്യത്തെ നയിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്ന് വ്യക്​തമാക്കിയ മമത ബി.ജെ.പിക്കെതിരെ അനിവാര്യമായ പോരാട്ടത്തിൽ സമാനമനസ്​കരായ എല്ലാ പാർട്ടികളുമായും ഒന്നിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും കത്തിലൂടെ വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts