India
രാത്രിയാത്രയില്‍ മൊബൈല്‍ ചാര്‍ജിങ് വിലക്കി റെയില്‍വെ 
India

രാത്രിയാത്രയില്‍ മൊബൈല്‍ ചാര്‍ജിങ് വിലക്കി റെയില്‍വെ 

Web Desk
|
1 April 2021 5:39 AM GMT

രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിങ് പോയിന്‍റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും.

ട്രെയിനിൽ സഞ്ചരിക്കുമ്പോൾ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തി റെയില്‍വെ. സമീപകാലത്ത് ട്രെയിനുകളിലുണ്ടായ തീപിടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് വിലക്ക്. ഈ സമയത്ത് ചാർജിങ് പോയിന്‍റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും. പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. ഇത് എല്ലാ സോണുകളിലും നടപ്പാക്കണമെന്നാണ് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം.

2014ൽ ബാംഗ്ലൂർ- ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല. തീപിടുത്തത്തിന് കാരണമാകുന്ന ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും റെയില്‍വെ തീരുമാനിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts