പുതിയ സാമ്പത്തിക വർഷം; ആദ്യ ചുവടില്‍ തന്നെ ഇടറിവീണ് ധനമന്ത്രി നിർമല സീതാരാമൻ
|നോട്ടക്കുറവാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യമുണ്ടായതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു
ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ ചുവടിൽ തന്നെ ഇടറി വീണ് ധനമന്ത്രി നിർമല സീതാരാമൻ. ലഘുസമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ച നടപടിയിലാണ് സർക്കാറിന് കൈ പൊള്ളിയത്. കടുത്ത എതിർപ്പുകളെ തുടർന്ന് ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ ധനമന്ത്രാലയത്തിന് പിൻവലിക്കേണ്ടി വന്നു. സാധാരണരക്കാരനു മേൽ ആഘാതമുണ്ടാക്കുന്ന തീരുമാനം നേരത്തെ വിമർശനവിധേയമായിരുന്നു. നോട്ടക്കുറവാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യമുണ്ടായതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
സേവിങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 4 ശതമാനത്തിൽനിന്ന് 3.5 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശനിരക്ക് 7.1 ശതമാനത്തിൽനിന്ന് 6.4 ശതമാനമായും കുറക്കാനായിരുന്നു തീരുമാനം. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31ന് വൈകിട്ടാണ് ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ദേശീയ സമ്പാദ്യ പദ്ധതി, പ്രൊവിഡൻറ് ഫണ്ട് തുടങ്ങിയവയുടെ പലിശ നിരക്കിൽ 1.1 ശതമാനം കുറവാണ് വരുത്തിയിരുന്നത്. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിൻറെ പലിശ 7.4 ൽ നിന്ന് 6.5 ശതമാനവും ഒരു വർഷത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശക്ക് 1.1 ശതമാനത്തിന്റെ കുറവും 2 വർഷത്തെ നിക്ഷേപങ്ങളുടെ പലിശയിൽ 0.5 ശതമാനത്തിൻറെ കുറവും ആണ് വരുത്തിയിരുന്നത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 3.5 ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചിരുന്നു.
പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന, കർഷകർക്ക് വേണ്ടിയുള്ള കിസാൻ വികാസ് പത്ര എന്നീ നിക്ഷേപങ്ങൾക്കുള്ള പലിശയിലും കുറവ് പ്രഖ്യാപിച്ചിരുന്നു.