India
കോവിഡ് വ്യാപനം രൂക്ഷം; പൂനെയില്‍ പന്ത്രണ്ട് മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
India

കോവിഡ് വ്യാപനം രൂക്ഷം; പൂനെയില്‍ പന്ത്രണ്ട് മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

Web Desk
|
2 April 2021 1:29 PM GMT

നാളെ വൈകുന്നേരം 6 മണി മുതൽ ഒരാഴ്ചക്കാലത്തേക്കാണ് ആദ്യ ഘട്ട കര്‍ഫ്യൂ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയില്‍ വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ പൂനെയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

നാളെ വൈകുന്നേരം 6 മണി മുതൽ ഒരാഴ്ചക്കാലത്തേക്കാണ് ആദ്യ ഘട്ട കര്‍ഫ്യൂ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാല നിയന്ത്രണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശമുണ്ട്. പി.എം.സിയുടെ ബസ് സര്‍വീസുകളും നിര്‍ത്തിവെക്കും. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന കാലയളവില്‍ ഭക്ഷണം, മരുന്ന് എന്നിവയുടെ ഹോം ഡെലിവറികള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമേ അനുവദിക്കുകയുള്ളൂ.

കോവിഡിന്‍റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരങ്ങളില്‍ ഒന്നാണ് പൂനെ. വ്യാഴാഴ്ച മാത്രം പൂനെയില്‍ 8,011 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 8,605 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തില്‍ വീണ്ടും വലിയതരത്തിലുള്ള വര്‍ധനവ് വന്നതോടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവെക്കണമെന്ന് പൂനെ മേയര്‍ മുര്‍ളീധര്‍ മോഹോള്‍ നിര്‍ദേശിച്ചു. കോവിഡ് പരിശോധനകളും വാക്‌സിനേഷനുകളും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പൂനെയെ കൂടാതെ, മുംബൈയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. വ്യാഴാഴ്ച മാത്രം മുംബൈയില്‍ 8,646 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts