മഹാരാഷ്ട്ര മാതൃകയിൽ ബി.ജെ.പിക്കെതിരെ രാജ്യം ഒന്നിക്കണമെന്ന് ശിവസേന
|''മഹാരാഷ്ട്രയിൽ പ്രത്യയശാസ്ത്രപരമായി മൂന്ന് വ്യത്യസ്ത ധ്രുവങ്ങളിലുള്ള പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപവത്കരിച്ചത്''
ബി.ജെ.പിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ മഹാരാഷ്ട്ര മാതൃകയിൽ ഒന്നിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിൽ പ്രത്യയശാസ്ത്രപരമായി മൂന്ന് വ്യത്യസ്ത ധ്രുവങ്ങളിലുള്ള പാർട്ടികൾ ചേർന്നാണ് മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാർ രൂപവത്കരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഭരണത്തിലുള്ള ഈ സർക്കാർ രാജ്യത്തെ ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികൾക്ക് പുതുവഴി തുറന്നുതന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ഈ പരീക്ഷണം യു.പി.എയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ അനുകരിക്കണം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ 27 പ്രതിപക്ഷ നേതാക്കൾക്ക് അയച്ച കത്ത് ഇതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായും സഞ്ജയ് വ്യക്തമാക്കി. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തുചേർന്ന് പുതിയ രാഷ്ട്രീയ സഖ്യം ആവിഷ്‌കരിക്കണം. 1975ന് ശേഷം ജയപ്രകാശ് നാരായണൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിച്ചു. നിർഭാഗ്യവശാൽ, ഇന്ന് അത്തരമൊരു നേതാവ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.