India
കർണാടകയിൽ പശുക്കടത്ത് ആരോപിച്ച്  യുവാക്കൾക്ക് ക്രൂര മർദനം; അഞ്ച് പേർ അറസ്റ്റിൽ
India

കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് യുവാക്കൾക്ക് ക്രൂര മർദനം; അഞ്ച് പേർ അറസ്റ്റിൽ

Web Desk
|
3 April 2021 3:24 AM GMT

പശുക്കടത്ത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കർണാടക നിയമസഭ കഴിഞ്ഞ ഫെബ്രുവരിയിൽ നിയമം പാസാക്കിയിരുന്നു

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കൾക്ക് ക്രൂര മർദനം. കർണാടകയിലെ ബെൽത്തങ്ങാടിയിലെ മേലാന്തബെട്ടുവിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഇവരുടെ വാഹനം തടഞ്ഞു നിർത്തി മർദിക്കുകയിരുന്നു. എന്നാൽ ഇവർ സഞ്ചരിച്ച വാഹനത്തിൽ പശുക്കളുണ്ടായിരുന്നില്ല. സംഭവത്തിൽ ദക്ഷിണ കന്നഡ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അബ്ദുൽ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

യുവാക്കൾ മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോൾ രണ്ടു ബൈക്കുകകളിലായി എത്തിയവർ ഇവരുടെ വാഹനം തടയുകയായിരുന്നു. ഇതിനു പിറകെ കാറിൽ മറ്റൊരു സംഘമെത്തുകയും ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവർ ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

" ഞങ്ങളെ രണ്ടു ബൈക്കുകകളിലെത്തിയവർ തടഞ്ഞു നിർത്തി പശുക്കളെ കടത്തുന്നുണ്ടോവെന്ന് ചോദിച്ചു. വൈകാതെ കൂടുതൽ പേരെത്തുകയും ഇരുമ്പു ദണ്ഡുകളും മരക്കഷണങ്ങൾ കൊണ്ടും ഞങ്ങളെ മർദിച്ചു."- മുസ്തഫ പറഞ്ഞു. വാഹനം പരിശോധിക്കുക പോലും ചെയ്യാതെയാണ് അവർ മർദിച്ചതെന്നും മുസ്തഫ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ബെൽത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ബജ്‌രംഗ് ദൾ പ്രവർത്തകരായ മറ്റു മൂന്നു പേർക്കായുള്ള തെരച്ചിലിലാണ്. പശുക്കടത്ത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കർണാടക നിയമസഭ കഴിഞ്ഞ ഫെബ്രുവരിയിൽ നിയമം പാസാക്കിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts