India
കോവിഡ് വർധനവിന് പഴി പൊതുജനത്തിന്; ആരോ​ഗ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാല ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ
India

കോവിഡ് വർധനവിന് പഴി പൊതുജനത്തിന്; ആരോ​ഗ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാല ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ

Web Desk
|
8 April 2021 11:56 AM GMT

ബി.ജെ.പിയുടെ ജനനിബിഡമായ വേദികളു‍ടെ ചിത്രങ്ങൾ മന്ത്രി ഹർഷ് വർധൻ തന്നെ പലപ്പോഴായി പങ്കുവെച്ചിരുന്നു.

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ പഴിച്ച കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധന് 'പണി' കൊടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെച്ച ട്വീറ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ജനങ്ങൾ മുൻകരുതൽ എടുക്കുന്നതിൽ അലംഭാവം കാണിച്ചതാണ് കോവിഡ് വർധനവിന് കാരണമെന്നായിരുന്നു മന്ത്രി ഹർഷ് വർധൻ കുറ്റപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 സെപ്തബറില്‍ കുത്തനെ കൂടിയ കോവിഡ് നിരക്ക് ഒരുവേള താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കേസുകൾ വർധിക്കുകയാണ്.

കോവിഡ് ചട്ടങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അലംഭാവം കാണിച്ചത് രോ​ഗ വർധനവിന് കാരണമായി. തുടക്കത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും രോ​ഗ വ്യാപനത്തിന് കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരോ​ഗ്യമന്ത്രിയടക്കം ഉന്നത കേന്ദ്രങ്ങള്‍ വീഴ്ച്ച വരുത്തിയെന്നാണ് ആരോപണം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ എല്ലാ രാഷ്ട്രീയ പാർട്ടികളേയും പോലെതന്നെ, ബി.ജെ.പിയുടെ ജനനിബിഡമായ വേദികളു‍ടെ ചിത്രങ്ങൾ മന്ത്രി ഹർഷ് വർധൻ തന്നെ പലപ്പോഴായി പങ്കുവെച്ചിരുന്നു. അന്ന് എന്തുകൊണ്ട് മന്ത്രിക്ക് ഈ ജാ​ഗ്രത ഉണ്ടായില്ല എന്നും സോഷ്യൽ മീഡിയ പരിഹസപൂര്‍വം ചോദിച്ചു.

Similar Posts