ഡല്‍ഹി ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ്
|വ്യാഴാഴ്ച്ച 7,437 കോവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്.
ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് പേർ ചികിത്സയിലും 32 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. 37 പേരും കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു.
തലസ്ഥാനത്തെ കോവിഡ് ചികിത്സയിൽ മുൻപന്തിയിലുള്ള ആശുപത്രിയാണ് സർ ഗംഗറാം. കോവിഡ് വ്യാപനം വീണ്ടും വർധിച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഡൽഹി. തലസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് ഈ വർഷം ആദ്യമായി ഏഴായിരം കവിഞ്ഞിരുന്നു.
ആശുപത്രികളിൽ കൂടുതൽ കോവിഡ് രോഗികൾ എത്തിച്ചേരുന്ന ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരിലും രോഗ വ്യാപനം വർധിക്കുകയായിരുന്നു. കോവിഡ് ബാധിച്ച ഡോക്ടർമാരിൽ പലർക്കും രോഗ ലക്ഷണങ്ങളുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച്ച 7,437 കോവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. ഈ വർഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണിത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.