ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്, ഇനി വന്നാൽ വലിയ പിഴ ചുമത്തേണ്ടി വരും; നിർബന്ധിത മതപരിവർത്തന നിരോധന ഹർജിയിൽ സുപ്രിംകോടതി
|"18 വയസ്സിന് മുകളിലുള്ള ഏതു വ്യക്തിക്കും സ്വന്തമായി മതം തെരഞ്ഞെടുക്കാം"
ന്യൂഡൽഹി: മതപരിവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി. ഇത് പൊതുതാത്പര്യ ഹർജിയല്ല, പബ്ലിസിറ്റി നോട്ടമിട്ടുള്ള ഹർജിയാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ആർഎഫ് നരിമാൻ തുറന്നടിച്ചു.
'ഇത് പബ്ലിസിറ്റി താത്പര്യ ഹർജിയല്ലാതെ മറ്റൊന്നുമല്ല. ദ്രോഹിക്കുന്ന തരത്തിലുള്ളതാണിത്. ഇനിയും ഇതുമായി വന്നാൽ വലിയ പിഴ ചുമത്തേണ്ടി വരും' - എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ഇതോടെ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഹർജി പിൻവലിക്കുകയാണ് എന്നറിയിക്കുകയായിരുന്നു.
18 വയസ്സിന് മുകളിലുള്ള ഏതു വ്യക്തിക്കും സ്വന്തമായി മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ് എന്നും കോടതി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 25-ാം വകുപ്പ് ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് നരിമാന്റെ നിരീക്ഷണം.