India
കോവിഡ് വ്യാപനം പിടിവിടുന്നു; ലോക്ക്ഡൗണല്ലാതെ വേറെ വഴിയില്ലെന്ന് മഹാരാഷ്ട്ര, നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി 
India

കോവിഡ് വ്യാപനം പിടിവിടുന്നു; ലോക്ക്ഡൗണല്ലാതെ വേറെ വഴിയില്ലെന്ന് മഹാരാഷ്ട്ര, നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി 

Web Desk
|
11 April 2021 1:23 AM GMT

വാക്സിന്‍ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വാക്സിനേഷന്‍ നിലയ്ക്കുമെന്ന് സംസ്ഥാനങ്ങള്‍.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നു. ഒന്നരലക്ഷത്തിനടുത്ത് ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ടാസ്ക് ഫോഴ്സുമായി ഇന്ന് ചർച്ച നടത്തും.

മഹാരാഷ്ട്രയിൽ തൽസ്ഥിതി തുടർന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയല്ലാതെ വഴിയില്ലെന്നും എല്ലാം തുറന്ന് പ്രവർത്തിക്കവെ രോഗബാധിതരെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് കേന്ദ്രം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു.

ഡൽഹിയില്‍ 7897 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ളവർ 72 മണിക്കൂർ മുന്‍പ് നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ 14 ദിവസം നിരീക്ഷണത്തില്‍ ‍പോകണമെന്നും ഡല്‍ഹി സർക്കാർ അറിയിച്ചു.

മത- സാംസ്കാരിക- രാഷ്ട്രീയ കൂടിച്ചേരലുകള്‍ വിലക്കിയ സർക്കാർ മരണാനന്തരചടങ്ങുകളില്‍ 20 പേരും വിവാഹ ചടങ്ങില്‍ 50 പേരും മാത്രമെ പങ്കെടുക്കാവൂ എന്ന നിയന്ത്രണവും ഏർപ്പെടുത്തി. തിയറ്ററുകള്‍, ബസുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പകുതി സീറ്റുകളില്‍ മാത്രമെ ആളുകള്‍ക്ക് പ്രവേശനമുള്ളൂ. സ്റ്റേഡിയങ്ങളിലെ പരിപാടികള്‍ക്ക് കാണികള്‍ പാടില്ല, സ്വിമ്മിങ് പൂളുകള്‍ അടയ്ക്കണമെന്നും നിർദേശമുണ്ട്.

ആരോഗ്യ പ്രവർത്തകരില്‍ രോഗബാധ രൂക്ഷമായതോടെ കരാർ ഡോക്ടർമാരുടെ കാലാവധി നീട്ടാനും സർക്കാർ ആശുപത്രികളിലെ 4, 5 വർഷ എം.ബി.ബി.എസ് വിദ്യാർഥികള്‍, ഇന്‍റേണീസ്, ബി.ഡി.എസ് ഡോക്ടർമാര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താനും ഡല്‍ഹി സർക്കാർ ഉത്തരവിറക്കി.

രാജ്യത്ത് നിലവില്‍ 10 കോടി പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. വാക്സിന്‍ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വാക്സിനേഷന്‍ നിലയ്ക്കുമെന്ന് രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഒഡീഷ, ഡല്‍ഹി, സർക്കാരുകൾ അറിയിച്ചു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതി മാസ വാക്സിന്‍ ഉത്പാദനം 70 മില്യണില്‍ നിന്നും 100ലേക്കും ഭാരത് ബയോടെക് 6 മില്യണില്‍ നിന്ന് 15ലേക്കും ഉയർത്തും. അതേസമയം, തെരഞ്ഞെടുപ്പ് നടപടികളിലെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോടും ആഭ്യന്തര സെക്രട്ടറിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts