India
സെന്‍ട്രല്‍ വിസ്തക്കായി പൊളിച്ചുമാറ്റേണ്ടി വരിക ഡല്‍ഹിയിലെ മൂന്ന് പ്രധാന കെട്ടിടങ്ങള്‍
India

സെന്‍ട്രല്‍ വിസ്തക്കായി പൊളിച്ചുമാറ്റേണ്ടി വരിക ഡല്‍ഹിയിലെ മൂന്ന് പ്രധാന കെട്ടിടങ്ങള്‍

Web Desk
|
18 May 2021 5:14 AM GMT

നാല് ലക്ഷം സ്‌ക്വയര്‍ മീറ്ററിലെ നിര്‍മിതികളെല്ലാം സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിനായി പൊളിച്ചുമാറ്റേണ്ടി വരും

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക രാജ്യത്തെ ചരിത്ര പ്രധാനമായ മൂന്ന് കെട്ടിടങ്ങള്‍. ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം, നാഷണല്‍ ആര്‍ക്കൈവ്‌സ്, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് (ഐ.ജി.എന്‍.സി.എ) എന്നിവ 20,000 കോടി രൂപയുടെ പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരും.

പുതിയ പാര്‍ലമെന്റ് കെട്ടിടം, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും ഔദ്യോഗിക വസതികള്‍ എന്നിവ ഉള്‍പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. നാല് ലക്ഷം സ്‌ക്വയര്‍ മീറ്ററിലെ നിര്‍മിതികളെല്ലാം സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിനായി പൊളിച്ചുമാറ്റേണ്ടി വരും. ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, വിഗ്യാന്‍ ഭവന്‍, ഉപരാഷ്ട്രപതിയുടെ വസതി, ജവഹര്‍ ഭവന്‍, നിര്‍മാണ്‍ ഭവന്‍, ഉദ്യോഗ് ഭന്‍, രക്ഷാ ഭവന്‍ എന്നിവയും പദ്ധതിക്കായി പൊളിച്ചുമാറ്റണം.

ഹാരപ്പന്‍ സംസ്‌കാരത്തിലെ ചരിത്ര ശേഷിപ്പുകള്‍ അടക്കം അമൂല്യമായ ശില്‍പങ്ങളും ചരിത്ര രേഖകളും സൂക്ഷിച്ചിരിക്കുന്ന ഇടമാണ് നാഷണല്‍ മ്യൂസിയം. ഇവിടുത്തെ വസ്തവകകള്‍ നോര്‍ത്തില്‍ നിന്നും സൗത്ത് ബ്ലോക്കിലേക്ക് മാറ്റും.

45 ലക്ഷത്തില്‍പ്പരം അമൂല്യ രേഖകള്‍ ഉള്‍കൊള്ളുന്നതാണ് നാഷണല്‍ ആര്‍ക്കൈവ്‌സ്. ചരിത്ര പ്രധാന്യമുള്ള ഇവ സുരക്ഷിതമായി മാറ്റുന്നത് വെല്ലുവിളിയുയര്‍ത്തുന്ന പണിയായിരിക്കും. ഇന്ധിരാഗന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിലുള്ള പൈതൃക ശേഖരങ്ങള്‍ താത്കാലികമായി ജന്‍പഥ് ഹോട്ടലിലേക്കാണ് മാറ്റുന്നത്.

കോവിഡ് ദുരിതത്തിനിടയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമള്ള എഴുപതോളം പ്രമുഖ ഗവേഷകരും ചരിത്രകാരന്‍മാരും ഉള്‍പ്പെടുന്ന സംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മഹാമാരിക്കിടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.

Similar Posts