പൗരത്വ പ്രക്ഷോഭം; വിദ്യാര്‍ഥി നേതാക്കള്‍ ജയില്‍മോചിതരായി
|ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല.
ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച പൗരത്വപ്രക്ഷോഭകർ ജയിൽമോചിതരായി. നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് പുറത്തിറങ്ങിയത്. വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ ജയില്‍ മോചിതരാക്കണമെന്ന ഡല്‍ഹി കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് നടപടി.
ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജയില്‍ മോചിതരാക്കിയിരുന്നില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ഇന്ന് കോടതിയെ സമീപിച്ചെങ്കിലും അഡീഷണല്‍ സെഷന്‍സ് ജഡ്ജി രവീന്ദര്‍ ബേദി ഇത് തള്ളുകയും ഇവരെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇതിനകം ജാമ്യം അനുവദിച്ചതാണെന്നും തിഹാര്‍ ജയിലിലേക്ക് വിട്ടയക്കാനുള്ള ഉത്തരവ് അയച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ഡല്‍ഹി കലാപത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മെയില്‍ മൂന്ന് പേരും അറസ്റ്റിലായത്. മൂന്നുപേര്‍ക്കും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകളിലും സമാനമായ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.