ബംഗാളില്‍ നിന്നും അഭയം തേടി 400 ബിജെപി പ്രവര്‍ത്തകര്‍ അസമിലെത്തിയെന്ന് മന്ത്രി
|ബംഗാളിലെ അക്രമത്തെ ചൊല്ലി പരസ്പരം പഴിചാരുകയാണ് ബിജെപിയും തൃണമൂലും
പശ്ചിമ ബംഗാളില്‍ വോട്ടെണ്ണലിന് ശേഷമുണ്ടായ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാനൂറോളം ബിജെപി പ്രവര്‍ത്തകര്‍ അസമിലെത്തിയെന്ന് മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബംഗാളില്‍ കുറഞ്ഞത് 12 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവര്‍ണര്‍ ജഗ്ദീപ് ധാങ്കറിനെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെയാണ് ഹിമാന്ത ബിശ്വ ശര്‍മയുടെ ട്വീറ്റ്.
"ബിജെപിയുടെ 300-400 പ്രവര്‍ത്തകരും അവരുടെ കുടുംബവും ബംഗാളില്‍ നിന്നും അസമിലെ ദുബ്രിയില്‍ എത്തി. അക്രമവും പീഡനവും നേരിട്ടതോടെയാണ് അവര്‍ അസമിലേക്ക് വന്നത്. അവര്‍ക്ക് ഭക്ഷണവും താമസസൌകര്യവും നല്കി. പൈശാചികതയുടെ ഈ വൃത്തികെട്ട നൃത്തം മമത ദീദി അവസാനിപ്പിക്കണം. ബംഗാള്‍ കുറച്ചുകൂടി മെച്ചപ്പെട്ടത് അര്‍ഹിക്കുന്നുണ്ട്"- ഹിമാന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
ബംഗാളിലെ അക്രമത്തെ ചൊല്ലി പരസ്പരം പഴിചാരുകയാണ് ബിജെപിയും തൃണമൂലും. തൃണമൂലിനെ പിന്തുണയ്ക്കുന്ന ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയും സ്ത്രീകളെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും ബിജെപി അനുകൂലികളുടെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം അക്രമത്തിന് ഉത്തരവാദികള്‍ ബിജെപി ആണെന്നാണ് തൃണമൂലിന്റെ മറുപടി. തന്റെ പ്രവര്‍ത്തകരോട് വീട്ടില്‍ തന്നെ ഇരിക്കണമെന്നും വിജയം ആഹ്ലാദിക്കാന്‍ വീട് വിട്ടിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മമത പറഞ്ഞു. ക്രമസമാധാന ചുമതല ഏറ്റെടുത്തിരിക്കുന്നത് കേന്ദ്രസേനയാണ്. ഇന്നത്തെ അവസ്ഥയില്‍ കുറ്റപ്പെടുത്തേണ്ടത് അവരെയാണ്. നാണം കെട്ട തോല്‍വി സഹിക്കാനാവാതെ ബിജെപി വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
In a sad development 300-400 @BJP4Bengal karyakartas and family members have crossed over to Dhubri in Assam after confronted with brazen persecution & violence. We're giving shelter & food. @MamataOfficial Didi must stop this ugly dance of demonocracy!
— Himanta Biswa Sarma (@himantabiswa) May 4, 2021
Bengal deserves better. pic.twitter.com/d3MXUvgQam