ഛത്തീസ്ഗഡില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ചു; 5 മരണം
|റായ്പൂരിലെ രാജധാനി ആശുപത്രിയിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്
ഛത്തീസ്ഗഡിലെ റായ്പൂരില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
റായ്പൂരിലെ രാജധാനി ആശുപത്രിയിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് മണിക്കൂറോളമെടുത്തു തീ നിയന്ത്രണവിധേയമാകാന്‍. 34 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഒന്‍പത് പേര്‍ തീവ്രപരിചരണ വിഭാഗത്തിലും. തീപിടിത്തത്തിന് ശേഷം മറ്റ് രോഗികളെ വേറൊരു ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ തർകേശ്വർ പട്ടേൽ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ഛത്തീസ്ഗഡില്‍ കോവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. 1,24,303 കോവിഡ് രോഗികളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,580 പേരാണ് ഇതുവരെ ഛത്തീസ്ഗഡില്‍ കോവിഡ് ബാധിച്ച് മരിച്ചത്.