മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾ കുടുങ്ങി
|തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്
മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്ലിൽ പ്രവർത്തിക്കുന്ന അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം. ഖനിക്കകത്ത് ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികൾ കുടുങ്ങി. ഞായറാഴ്ചയാണ് ഡൈനാമൈറ്റ് പൊട്ടിത്തെറിച്ച് ഖനിയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഖനിയുടെ ഭിത്തി തകർന്നതാണ് തൊഴിലാളികൾ കുടുങ്ങാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. കാണാതായ തൊഴിലാളികളിൽ നാലു പേർ അസമിൽ നിന്നുള്ളവരും ഒരാൾ ത്രിപുര സ്വദേശിയുമാണ്.
തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഞായറാഴ്ച മുതൽ തൊഴിലാളികൾ അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ കാരണം അനധികൃതമായി പ്രവർത്തിച്ച ഖനി കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ ഖനിയിലേക്ക് വെള്ളം കയറിയാണ് തൊഴിലാളികൾ അപകടത്തിൽ പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഖനിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി തൊഴിലാളികളുടെ തലവനായ നിസാം അലി ഒന്നും ചെയ്തില്ലെന്നും രക്ഷപ്പെട്ടവരെ ഓടിച്ചു വിടുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഇയാൾക്കെതിരെ കേസെടുത്തു. രണ്ട് ദിവസമായി പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.