India
ലക്ഷദ്വീപിലെ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണം; ആവശ്യവുമായി മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും
India

ലക്ഷദ്വീപിലെ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണം; ആവശ്യവുമായി മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും

Web Desk
|
6 Jun 2021 8:52 AM GMT

മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'കോൺസ്റ്റിറ്റ്യൂഷനൽ കൺഡക്ട്' പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ 93 പേർ ഒപ്പുവച്ചു

ലക്ഷദ്വീപിൽ ഭരണകൂടം കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും. വിവിധ രാജ്യങ്ങളിലെ മുൻ ഇന്ത്യൻ സ്ഥാനപതിമാരടക്കം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രാലങ്ങളിലെ മുൻ സെക്രട്ടറിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുൻ ചീഫ് സെക്രട്ടറിമാർ അടക്കം ഭരണതലത്തിൽ മികവു തെളിയിച്ച 93 പ്രമുഖർ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'കോൺസ്റ്റിറ്റ്യൂഷനൽ കൺഡക്ടി'ന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ലക്ഷദ്വീപ് ജനതയുടെ നിലനിൽപ്പിനെ ചോദ്യംചെയ്യുന്ന ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷൻ ആക്ട് 2021, ഗുണ്ടാനിയമം, ഗോവധ നിരോധനം, പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നീക്കം എന്നിവയിൽനിന്നെല്ലാം പിൻമാറണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ എന്നിവർക്കും കൂട്ടായ്മ കത്തയച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ടികെഎ നായർ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻ സെക്രട്ടറി ജനറൽ പിഎസ്എസ് തോമസ്, മുൻ വിവരാവകാശ കമ്മീഷണർ വജാഹത് ഹബീഹുല്ല, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ സെക്രട്ടറി തിർലോചൻ സിങ്, ആസൂത്രണ ബോർഡ് മുൻ സെക്രട്ടറി എൻസി സക്‌സേന, റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ രവി വീരഗുപ്ത തുടങ്ങി സിവിൽ സർവീസിലെ പ്രമുഖർ തന്നെ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. മുൻ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേശക ബോർഡ് ചെയർമാനുമായിരുന്ന ശ്യം ശരൺ, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, വനം-പരിസ്ഥിതി സെക്രട്ടറിമാരായിരുന്ന മീന ഗുപ്ത ചാറ്റർജി, മുൻ കൽക്കരി വകുപ്പ് സെക്രട്ടറി ചന്ദ്രശേഖർ ബാലകൃഷ്ണൻ, ഗതാഗത-നഗരവികസന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആർ ചന്ദ്രമോഹൻ തുടങ്ങിയവരും ആവശ്യത്തെ പിന്തുണച്ചു.

വിവിധ രാജ്യങ്ങളിലെ മുൻ ഇന്ത്യൻ സ്ഥാനപതിമാരും കൂട്ടത്തിലുണ്ട്. പോർച്ചുഗലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന മധു ബാദുരി, മ്യാൻമർ സ്ഥാനപതിയായിരുന്ന ഗൗതം മുഖോപാധ്യായ, കെപി ഫാബിയാൻ-ഇറ്റലി, സുശീൽ ദുബേ-സ്വീഡൻ, നവരേഖ ശർമ്മ-ഇന്തോനേഷ്യ, ജൂലിയോ റിബേരിയോ-റൊമാനിയ, രാജേഷ് പ്രസാദ്-നെതർലൻഡ്‌സ് എന്നിങ്ങനെ നീളുന്നു ദ്വീപിനായി ശബ്ദമുയർത്തിയ നയതന്ത്ര പ്രതിനിധികളുടെ പട്ടിക. ഇതിനു പുറമെ സംസ്ഥാന ചീഫ് സെക്രട്ടറിമാരായും വിവിധ വകുപ്പുകളുടെ മേധാവിമാരായും വിരമിച്ച പ്രമുഖരും ദ്വീപിലെ അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.



Similar Posts