India
ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, ഉറങ്ങാനാവുന്നില്ല: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് എഎപി എംഎല്‍എ
India

ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, ഉറങ്ങാനാവുന്നില്ല: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് എഎപി എംഎല്‍എ

Web Desk
|
30 April 2021 6:32 AM GMT

എംഎല്‍എ എന്ന നിലയില്‍ നാണക്കേട് തോന്നുന്നുവെന്ന് ഷുഹൈബ് ഇഖ്ബാല്‍

കോവിഡ് വ്യാപനം ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്നതിനിടെ പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എഎപി എംഎല്‍എ. മാതിയ മഹല്‍ എംഎല്‍എ ഷുഹൈബ് ഇഖ്ബാല്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്.

"ഡല്‍ഹിയുടെ അവസ്ഥ കണ്ടിട്ട് വേദനിക്കുന്നു. ആശങ്ക കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. ജനങ്ങള്‍ക്ക് ഓക്സിജനും മരുന്നും കിട്ടുന്നില്ല. എന്‍രെ ഒരു സുഹൃത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്. പക്ഷേ വെന്‍റിലേറ്ററോ ഓക്സിജനോ ഇതുവരെ കിട്ടിയില്ല. റെംഡെസിവിര്‍ വേണമെന്ന ഡോക്ടറുടെ കുറിപ്പ് എന്‍രെ കയ്യിലുണ്ട്. പക്ഷേ മരുന്ന് എവിടെ കിട്ടും? ഒരു സഹായവും ചെയ്യാന്‍ കഴിയുന്നില്ല. എംഎല്‍എ എന്ന നിലയില്‍ നാണക്കേട് തോന്നുന്നു. സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ ആറ് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു നോഡല്‍ ഓഫീസര്‍ പോലും വിളിച്ചിട്ട് പ്രതികരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതിയോട് ഞാന്‍ അപേക്ഷിക്കുന്നു. അല്ലെങ്കില്‍ ഡല്‍ഹിയിലെ റോഡുകളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടും"- ഷുഹൈബ് ഇഖ്ബാല്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിലും എല്‍ജെപിയിലും ജനതാദളിലും പ്രവര്‍ത്തിച്ച ശേഷമാണ് ഷുഹൈബ് ഇഖ്ബാല്‍ എഎപിയിലെത്തിയത്. എഎപി ഇതുവരെ ഷുഹൈബ് ഇഖ്ബാലിന്‍റെ രാഷ്ട്രപതി ഭരണമെന്ന ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ വരെ വീടുകളില്‍ തുടരുകയാണ്. ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയാകുമ്പോള്‍ നിറയ്ക്കാനായി നെട്ടോട്ടമോടുകയാണ് കോവിഡ് രോഗികളുടെ ബന്ധുക്കള്‍. ശ്മശാനങ്ങളും നിറഞ്ഞുകവിയുകയാണ്. ഓരോ നാല് മിനിട്ടിലും ഓരോ കോവിഡ് രോഗി വീതം മരിക്കുന്നു എന്ന ഭയാനകമായ സാഹചര്യമാണ് കുറച്ചുദിവസമായി ഡല്‍ഹിയിലുള്ളത്.

Similar Posts