മായാവതിക്കെതിരായ ജാതി അധിക്ഷേപത്തിൽ പ്രതിഷേധം ശക്തം; രൺദീപ് ഹൂഡയെ യുഎൻ അംബാസഡർ സ്ഥാനത്തുനിന്ന് നീക്കി
|ഹൂഡയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലാണ്
ബിഎസ്പി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ ജാത്യാധിക്ഷേപം നടത്തിയ ബോളിവുഡ് നടൻ രൺദീപ് ഹൂഡയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഹൂഡയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള #ArrestRandeepHooda എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡായിരിക്കുകയാണ്. അതിനിടെ, യുഎൻ പരിസ്ഥിതി ഉടമ്പടിയുടെ ഗുഡ്വിൽ അംബാസഡർ സ്ഥാനത്തുനിന്നു നീക്കി.
കൺവൻഷൻ ഫോർ ദ കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് അനിമൽസ്(സിഎംഎസ്) അംബാസഡർ സ്ഥാനത്തുനിന്നാണ് താരത്തെ മാറ്റിയത്. വിഡിയോയിൽ നടത്തിയ പരാമർശം കുറ്റകരമാണെന്നു കണ്ടാണ് നടപടിയെന്ന് സിഎംഎസ് വാർത്താകുറിപ്പിൽ അറിയിച്ചു. സിഎംഎസ് സെക്രട്ടറിയേറ്റിന്റെ മൂല്യങ്ങൾക്കൊത്തതല്ല അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളെന്നും വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. 2020 ഫെബ്രുവരിയിലാണ് സിഎംഎസ് അംബാസഡറായി രൺദീപ് ഹൂഡയെ തിരഞ്ഞെടുത്തത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം.
2012ലെ ഒരു പൊതുപരിപാടിയിലായിരുന്നു മായാവതിക്കെതിരെ ലൈംഗികച്ചുവയുള്ളതും ജാതി അധിക്ഷേപപരവുമായ തമാശാ പരാമർശം രൺദീപ് ഹൂഡ നടത്തിയത്. താൻ ഒരു വൃത്തികെട്ട തമാശ പറയാൻ പോകുന്നുവെന്ന ആമുഖത്തോടെയായിരുന്നു മായാവതിക്കെതിരായ വിവാദ പരാമർശം ആരംഭിച്ചത്. 43 സെക്കൻഡുള്ള പഴയ വിഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററിൽ പൊങ്ങിവരികയും വൻ വിമർശനം വിളിച്ചുവരുത്തുകയും ചെയ്തിരിക്കുന്നത്. വിഡിയോയിൽ മോശം പരാമർശം നടത്തിയതിനു പുറമെ സദസ്സിനൊപ്പം പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട് ഹൂഡ.