India
നീറ്റ് പരീക്ഷ വേണ്ട, വിദ്യാര്‍ഥിവിരുദ്ധമാണത്: സൂര്യ
India

നീറ്റ് പരീക്ഷ വേണ്ട, വിദ്യാര്‍ഥിവിരുദ്ധമാണത്: സൂര്യ

Web Desk
|
20 Jun 2021 8:40 AM GMT

'ഭാഷയിലും സംസ്കാരത്തിലും വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാകണം'

നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം ഫൌണ്ടേഷന്‍റെ പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍റെ നേതൃത്വത്തിലുള്ള സമിതിക്കാണ് കത്ത് നല്‍കിയത്.

നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും എതിരാണെന്ന് സൂര്യ കത്തില്‍ ചൂണ്ടിക്കാട്ടി. ഭാഷയിലും സംസ്കാരത്തിലും വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാകണം. ഇതിലൂടെ നമുക്ക് ശാശ്വതമായ ഒരു പരിഹാരം കാണാൻ കഴിയും. വിദ്യാഭ്യാസമെന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വവും അവകാശവുമാക്കി മാറ്റുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നീറ്റ് പോലുള്ള പരീക്ഷകള്‍ സംബന്ധിച്ച ആശങ്കകളെ കുറിച്ച് സർക്കാരിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അത്തരം പൊതുപരീക്ഷകൾ നമ്മുടെ കുട്ടികളുടെ ഭാവി അട്ടിമറിക്കുമെന്നും സൂര്യ ചൂണ്ടിക്കാട്ടി.

പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം സർക്കാർ, എയ്ഡഡ് സ്കൂളുകളാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരിൽ 20 ശതമാനം വിദ്യാർഥികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടുന്നത്. ഡോക്ടറാവാന്‍ ആഗ്രഹിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് നീറ്റ് പോലുള്ള പരീക്ഷകള്‍ തടസ്സമാണെന്നും സൂര്യ വിശദീകരിച്ചു. നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. neetimpact2021@gmail.കോം എന്ന മെയിലിലേക്ക് പൊതുജനങ്ങള്‍ക്കും നിര്‍ദേശം അറിയിക്കാം.

Related Tags :
Similar Posts