നന്ദിഗ്രാമിൽ മാറിയും മറിഞ്ഞും ഫലം; ജനവിധി അംഗീകരിക്കുന്നു, കോടതിയെ സമീപിക്കുമെന്ന് മമത
|സുവേന്ദു അധികാരിക്ക് 1,736 വോട്ടിന്‍റെ ജയം
തൃണമൂൽ ബംഗാൾ പിടിച്ചടക്കിയെങ്കിലും പാർട്ടി നേതാവ് മമതാ ബാനർജിക്ക് നന്ദിഗ്രാമിലെ വാശിയേറിയ പോരാട്ടത്തിൽ പരാജയം. ഭൂരിപക്ഷം മാറിമറിഞ്ഞ വോട്ടെണ്ണലിനൊടുവിൽ മുൻ വിശ്വസ്തൻ കൂടിയായ ബിജെപിയുടെ സുവേന്ദു അധികാരിക്കു മുൻപിൽ 1,736 വോട്ടുകൾക്ക് മമത അടിയറവു പറഞ്ഞതായാണ് ഏറ്റവും അവസാനം ലഭിക്കുന്ന വിവരം. ജനവിധി അംഗീകരിക്കുന്നതായി മമത തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുമെന്നും മമത അറിയിച്ചിട്ടുണ്ട്. നേരത്തെ, 1,200 വോട്ടുകൾക്ക് മമത അധികാരിയെ പരാജയപ്പെടുത്തിയതായി വാർത്ത പുറത്തുവന്നിരുന്നു. ഇതിനു മിനിറ്റുകൾക്കു ശേഷമാണ് അധികാരി വിജയിച്ചതായുള്ള റിപ്പോർട്ട് വരുന്നത്. ഇതിനിടെ നന്ദിഗ്രാമിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്നും മറ്റു ഊഹാപോഹങ്ങൾ വേണ്ടെന്നും തൃണമൂൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് തൃണമൂൽ വൻ വിജയക്കുതിപ്പ് തുടരുന്നതിനിടെയും സുവേന്ദു അധികാരി അവസാന ഘട്ടം വരെയും മമതയെ വിറപ്പിച്ചുനിർത്തി. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകളോളം സുവേന്ദു നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു മുന്നിലായിരുന്നു. പിന്നീട് ഉച്ചയോടെയാണ് നേരിയ ആശ്വാസമായി മമത തിരിച്ചുവന്നത്. എന്നാൽ, പിന്നീടും ഭൂരിപക്ഷം മാറിമറിഞ്ഞു.
ദീർഘകാലം മമതയുടെ വിശ്വസ്തനായി പ്രവർത്തിച്ച സുവേന്ദു കഴിഞ്ഞ ഡിസംബറിലാണ് പാർട്ടി വിട്ട് ബിജെപി ക്യാംപിലേക്ക് പോയത്. മമതയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള നന്ദിഗ്രാമിൽ സുവേന്ദു അധികാരി കഴിഞ്ഞ തവണ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു. സിപിഐ സ്ഥാനാർഥി അബ്ദുൽ ഖാദിർ ശൈഖിനെതിരെയായിരുന്നു സുവേന്ദുവിന്റെ ജയം.