എട്ട് മുസ്‍ലിം സ്ഥാനാര്‍ത്ഥികള്‍ക്കും തോല്‍വി: ന്യൂനപക്ഷ മോര്‍ച്ച യൂണിറ്റുകള്‍ പിരിച്ചുവിട്ട് അസം ബിജെപി
|പല മണ്ഡലങ്ങളിലും ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് 20 വോട്ടുകള്‍ പോലും ലഭിച്ചില്ല
സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഭാഗമായിട്ടുണ്ടായിരുന്ന എല്ലാ ന്യൂനപക്ഷമോര്‍ച്ച യൂണിറ്റുകളും പിരിച്ചുവിട്ടതായി അസം ബിജെപി നേതൃത്വം. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഇറക്കിയത്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍, ന്യൂനപക്ഷ മേഖലയില്‍ പാര്‍ട്ടിക്ക് ഒട്ടും നേട്ടമുണ്ടാക്കാനായില്ല എന്നതിനെ തുടര്‍ന്നാണ് തീരുമാനം.
126 അംഗസഭയിലേക്കായി ഇത്തവണ അസമിലെ ബിജെപി നേതൃത്വം പരിഗണിച്ചത് എട്ട് മുസ്‍ലിം സ്ഥാനാര്‍ത്ഥികളെയാണ്. പക്ഷേ, എട്ടുപേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പല മണ്ഡലങ്ങളിലും ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് 20 വോട്ടുകള്‍ പോലും ലഭിച്ചില്ല എന്നതാണ് വാസ്തവം. ഇതേ മണ്ഡലങ്ങളില്‍ ബൂത്ത് കമ്മിറ്റികള്‍ അതിലും കൂടുതലുണ്ടായിരുന്നു എന്നതാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. നിലവിലെ ബി.ജെ.പി മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കർ അമീനുൽ ഹഖ് ലസ്കർ വരെ പരാജയപ്പെട്ട ഈ എട്ട് സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തുടര്‍ന്നാണ് സംസ്ഥാനത്തെ ന്യൂനപക്ഷമോര്‍ച്ച പൂര്‍ണമായും പിരിച്ചുവിടുകയാണെന്ന പാര്‍ട്ടിയുടെ അറിയിപ്പ് വന്നത്. ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന, ജില്ലാ, മണ്ഡല തല സമിതികൾ പിരിച്ചുവിട്ടുവെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രഞ്ജിത് ദാസ്സ് ഇന്നലെ അറിയിച്ചത്.
മഹിള, യുവ, പിന്നോക്ക വിഭാഗങ്ങളുടേത് അടക്കം പാര്‍ട്ടിക്ക് കീഴില്‍ നിരവധി മോര്‍ച്ചകളുണ്ട്. അതുപോലെ ന്യൂനപക്ഷ മോര്‍ച്ചയുമുണ്ട്. ന്യൂനപക്ഷ മേഖലയില്‍ പ്രതിനിധ്യം ഉറപ്പിക്കാനാണ് അത്തരം മണ്ഡലങ്ങളില്‍ മുസ്‍ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. പക്ഷേ പലര്‍ക്കും 20 വോട്ട് പോലും കിട്ടിയില്ലെന്നതാണ് യാഥാര്‍ഥ്യം. അതിലും കൂടുതല്‍ ബൂത്ത് കമ്മിറ്റികള്‍ ഞങ്ങള്‍ക്കാ മണ്ഡലത്തിലുണ്ട് താനും എന്നാണ് രഞ്ജിത് ദാസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്.
അതിനര്‍ഥം ജനങ്ങള്‍ പാര്‍ട്ടിയെ ഒറ്റികൊടുത്തു എന്നാണ്. അതുകൊണ്ടാണ് മൈനോറിറ്റി മോര്‍ച്ച പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പതചര്‍കുചിയില്‍ നിന്നാണ് അദ്ദേഹം എംഎല്‍എയായിട്ടുള്ളത്.
രഞ്ജിത് ദാസ്
അസമിൽ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വരുതിയിലാക്കാൻ ലക്ഷ്യമിട്ടാണ് എട്ട് മുസ്‍ലിം സ്ഥാനാർഥികളെ ബിജെപി രംഗത്തിറക്കിയത്. 126 അംഗസഭയിൽ അധികാരം നിലനിർത്താനായെങ്കിലും മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാനാകാതെ പരാജയപ്പെടുകയായിരുന്നു പാര്‍ട്ടി. ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യം ഇത്തവണ 75 സീറ്റുകളുമായാണ് അധികാരം നിലനിർത്തിയത്. കോൺഗ്രസ്നേതൃത്വം നൽകിയ മഹാസഖ്യത്തില്‍ ഇത്തവണ 31 പേർ മുസ്‍ലിംകളാണ്.
എന്നാല്‍ എന്തുകൊണ്ടാണ് ന്യൂനപക്ഷ മോർച്ച പിരിച്ചുവിട്ടതെന്ന്അറിയില്ലെന്നാണ് മോർച്ച അധ്യക്ഷൻ മുഖ്താർ ഹുസൈൻ ഖാൻറെ പ്രതികരണം. ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതീക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളി വംശജരായ മുസ്‍ലിംകളാണ് പടിഞ്ഞാറൻ ആസാമിൽ ഭൂരിപക്ഷവും. പക്ഷേ എന്നിട്ടും വലിയ നഷ്ടമാണ് മുസ്‍ലിം സ്ഥാനാര്‍ത്ഥികളെ വെച്ചിട്ടും പാര്‍ട്ടിക്ക് ഈ മണ്ഡലങ്ങളിലുണ്ടായിരിക്കുന്നത്. ജലേശ്വറില്‍ ലഭിച്ചത് 9.38 ശതമാനം വോട്ട്. ബാഗ്‍ബറില്‍ ലഭിച്ചതാകട്ടെ വെറും 2 ശതമാനം വോട്ട് മാത്രമാണ്. മറുവശത്ത് കോൺഗ്രസ് സ്ഥാനാർഥികൾ 50 ശതമാനത്തിനുമേൽ വോട്ടുപിടിക്കുകയും ചെയ്തു.