തൃണമൂലിൽ ചേർന്നതിന് ഭർത്താവ് മൊഴിചൊല്ലി; നിയമസഭയിലേക്ക് സീറ്റ് പിടിച്ചു മറുപടി നൽകി സുജാത മൊണ്ടാൽ
|ബിഷ്ണുപൂരിൽനിന്നുള്ള ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യക്ക് മികച്ച ലീഡ്
ഭാരതീയ ജനത യുവ മോർച്ച ബംഗാൾ ഘടകം പ്രസിഡന്റും ബിഷ്ണുപൂരിൽനിന്നുള്ള പാർലമെന്റ് അംഗവുമായ സൗമിത്ര ഖാന്റെ ഭാര്യയാണ് സുജാത മൊണ്ടാൽ ഖാൻ. കഴിഞ്ഞ ഡിസംബറിലാണ് സുജാത മൊണ്ടാൽ തൃണമൂലിൽ ചേർന്നത്. മമതയുടെ വിശ്വസ്തൻ സുവേന്ദ്രു അധികാരി തൃണമൂൽ വിട്ട് രണ്ടുദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. തൃണമൂലിൽ ചേർന്നതോടെ സുജാതയ്ക്ക് സൗമിത്ര ഖാൻ വിവാഹ മോചന നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ അറംബാഗ് മണ്ഡലത്തിൽ തൃണമൂൽ സുജാതയെ മത്സരത്തിനിറക്കി. ഇപ്പോൾ തൃണമൂൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയ തെരഞ്ഞെടുപ്പിൽ മികച്ച ലീഡുമായി സീറ്റ് ഭർത്താവിന് മറുപടി നൽകുകയാണ് അവർ. ബിജെപിയുടെ മധുസൂധൻ ബാഗിനെതിരെയാണ് സുജാത 1,500ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ലീഡ് ചെയ്യുന്നത്.
നേരത്തെ പട്ടിക ജാതിക്കാരെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ സുജാതയ്ക്ക് നോട്ടീസ് നൽകിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ 16ന് കമ്മീഷൻ ഇടപെട്ടത്. കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ പരാതിയെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.