India
ഓട്ടോ ആംബുലന്‍സാക്കി, സേവനം സൗജന്യം: കയ്യടി നേടി യുവാവ്
India

ഓട്ടോ ആംബുലന്‍സാക്കി, സേവനം സൗജന്യം: കയ്യടി നേടി യുവാവ്

Web Desk
|
30 April 2021 8:48 AM GMT

കോവിഡ് രോഗികള്‍ ആംബുലന്‍സ് കിട്ടാതെ കഷ്ടപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ജാവേദ് ഖാന്‍

കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഒപ്പം ഓക്സിജന്‍ ക്ഷാമവുമുണ്ട്. പലയിടങ്ങളിലും ആംബുലന്‍സ് സേവനവും കിട്ടാനില്ല. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി സ്വന്തം ജീവനോപാധിയായ ഓട്ടോറിക്ഷ ആംബുലന്‍സ് ആക്കി മാറ്റിയിരിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ജാവേദ് ഖാന്‍ ആണ് ഓട്ടോ ആംബുലന്‍സ് ആക്കി മാറ്റിയ ആ മനുഷ്യസ്നേഹി.

രോഗികളെ സൗജന്യമായാണ് ജാവേദ് ആശുപത്രിയിലെത്തിക്കുന്നത്. കോവിഡ് രോഗികള്‍ ആംബുലന്‍സ് കിട്ടാതെ കഷ്ടപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കയ്യില്‍ കുറേ പണം ഉണ്ടായിട്ടല്ല ജാവേദ് ഇതൊക്കെ ചെയ്യുന്നത്. ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റാണ് ഓട്ടോറിക്ഷ ആംബുലന്‍സാക്കി മാറ്റുന്നതിന് പണം കണ്ടെത്തിയത്. ഓക്‌സിജന്‍ റീഫില്ലിങ് കേന്ദ്രത്തില്‍ നിന്ന് ഒരു സിലിണ്ടര്‍ ഓക്‌സിജന്‍ സംഘടിപ്പിച്ചു. പിപിഇ കിറ്റ്, സാനിറ്റൈസര്‍, കുറച്ച് മരുന്നുകള്‍ എന്നിവയെല്ലാം ആംബുലന്‍സില്‍ കരുതിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെടാനുള്ള നമ്പറും പങ്കുവെച്ചു. ആംബുലന്‍സ് സേവനം ലഭിക്കാതെ വന്നാല്‍ ആര്‍ക്കും തന്നെ വിളിക്കാം. കഴിഞ്ഞ മൂന്നാഴ്ചയോളമായി ഈ സേവനം ചെയ്യുന്നു. ഗുരുതരാവസ്ഥയിലായ കുറേ രോഗികളെ ഇതിനകം കൃത്യസമയത്ത് ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിക്കാനായെന്ന് ജാവേദ് പറഞ്ഞു.

Similar Posts