കൂടുതല്‍ ബിജെപി നേതാക്കള്‍ തൃണമൂലിലേക്ക്.. ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്ന് മുകുള്‍ റോയ്
|ബംഗാളില്‍ ബിജെപിയുടെ പതനം ആസന്നമെന്ന് മുകുള്‍ റോയ്
ബിജെപിക്ക് തിരിച്ചടിയായി കൂടുതല്‍ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപിയുടെ അലിപൂർദുർ ജില്ലാ പ്രസിഡന്‍റ് ഗംഗ പ്രസാദ് ശർമയും മറ്റ് ഏഴ് നേതാക്കളും ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ശര്‍മക്ക് പുറമെ ബിജെപിയുടെ അലിപൂർദുർ മുൻ ജില്ലാ ജനറൽ സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, കൺവീനർ തുടങ്ങിയവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി വിട്ട് രണ്ടാഴ്ച മുന്‍പ് തൃണമൂലില്‍ എത്തിയ മുകുള്‍ റോയ് പറഞ്ഞത് ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമാണിത് എന്നാണ്.
തൃണമൂൽ ഭവനിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മുകുള്‍ റോയ് പറഞ്ഞതിങ്ങനെ- 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയാണ് ബംഗാളില്‍ ബിജെപിയുടെ ഉയർച്ച തുടങ്ങിയത്. വടക്കൻ ബംഗാളിൽ നിരവധി സീറ്റുകൾ നേടാൻ അവര്‍ക്ക് കഴിഞ്ഞു. ബിജെപിയുടെ പതനവും ഈ മേഖലയിൽ നിന്നുതന്നെ. ഇത് വരാന്‍ പോകുന്നതിന്‍റെ ഒരു നേർക്കാഴ്ച മാത്രമാണ്. സംസ്ഥാനത്ത് ബിജെപിയുടെ പതനം ആസന്നമാണ്". അടുത്ത കാലം വരെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയ് പറഞ്ഞു.
എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുകുള്‍ റോയ് പറഞ്ഞതിങ്ങനെ- "ബിജെപിയിൽ ചേർന്നതിനാൽ എംപി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ സുവേന്ദു അധികാരി ആദ്യം പിതാവ് ശിശിർ അധികാരിയോട് ആവശ്യപ്പെടണം." തൃണമൂല്‍ വിട്ടാണ് സുവേന്ദുവും ശിശിറും ബിജെപിയിലെത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയോട് നീരസം ഉണ്ടായിരുന്നു. സ്ഥാനാർഥികളെ തീരുമാനിക്കും മുമ്പ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം ഞങ്ങളെ സമീപിക്കാൻ തയ്യാറായില്ല. അപമാനം നേരിട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ പാർട്ടി വിടാതിരുന്നത് വിശ്വാസ വഞ്ചകര്‍ എന്ന പേര് കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണെന്നും മുകുള്‍ റോയ് പറഞ്ഞു.