India
ചിരാഗ് പാസ്വാന് തിരിച്ചടി; അഞ്ച് എം.പിമാരും പാര്‍ട്ടി വിട്ടു
India

ചിരാഗ് പാസ്വാന് തിരിച്ചടി; അഞ്ച് എം.പിമാരും പാര്‍ട്ടി വിട്ടു

Web Desk
|
14 Jun 2021 8:18 AM GMT

രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് ചിരാഗിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ച ചിരാഗ് പാസ്വാന് നിതീഷ് കുമാറിന്റെ തിരിച്ചടി. ഒറ്റ രാത്രികൊണ്ട് പാര്‍ട്ടിയിലെ ഏക എം.പിമായി ചിരാഗ് മാറി. ഒപ്പമുണ്ടായിരുന്നു അഞ്ച് എം.പിമാരും പാര്‍ട്ടി വിട്ടു. തങ്ങളെ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് ചിരാഗിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. രാംവിലാസ് പാസ്വാന്റെ മരണത്തിന് ശേഷം ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരും ഏറെ നാളായി പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല.

പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. പരസിന് പുറമെ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണാ ദേവി, മെഹബൂബ് അലി കൈസര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. അടുത്ത അനുയായി ആയ ലലന്‍ സിങ് വഴിയാണ് എം.പിമാരുമായി നിതീഷ് ധാരണയിലെത്തിയതെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിട്ട് ഒറ്റക്ക് മത്സരിച്ച ചിരാഗ് നിതീഷിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ബി.ജെ.പിക്കും ആര്‍.ജെ.ഡിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജെ.ഡി.യുവിന്റെ സ്ഥാനം. ഇതിനുള്ള മറുപടിയാണ് നിതീഷിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Tags :
Similar Posts