India
ഇന്ത്യയിൽ വില കുറഞ്ഞ കോവിഡ്​ വാക്​സിനെത്തുന്നു; കോർബേവാക്സ് ഡോസിന്​ 250 രൂപ
India

ഇന്ത്യയിൽ വില കുറഞ്ഞ കോവിഡ്​ വാക്​സിനെത്തുന്നു; കോർബേവാക്സ് ഡോസിന്​ 250 രൂപ

Web Desk
|
5 Jun 2021 5:26 AM GMT

വൈകാതെ കോർബേവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്​സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട്​ ഡോസുകളുള്ള വാക്സിന് 500 രൂപ മാത്രമേ വിലയാവുകയുള്ളു. വാക്സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

അതേസമയം, കോർബേവാക്​സിന് രണ്ട് ഡോസുകൾക്ക് 400 രൂപയിൽ താഴെയായിരിക്കും വിലയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ വാക്​സിന്റെ 30 കോടി ഡോസുകൾക്ക്​ കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുണ്ട്​. വാക്​സിന്റെ ആദ്യ രണ്ട്​ ഘട്ട ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ വാക്​സിൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകൾ സംസ്ഥാന സർക്കാറിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​. ഭാരത്​ ബയോടെകി​ന്റെ കോവാക്​സിൻ 800 രൂപക്കും 2400 രൂപക്കുമാണ്​ നൽകുന്നത്​. സ്​പുട്​നിക്​ വാക്​സിന്റെ ഒരു ഡോസിന്​ 995 രൂപയാണ്​ വില.

Similar Posts