കൈത്താങ്ങാവേണ്ട നേരത്തും കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു: കോണ്‍ഗ്രസ്
|തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കൽ തുടർന്നിരിക്കയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി
രാജ്യത്തെ 130 കോടി ജനങ്ങൾ കോവിഡ് മഹാമാരിയോട് പൊരുതുമ്പോഴും ബി.ജെ.പി സർക്കാർ ഇന്ധന വില വർധിപ്പിച്ച് കൊള്ള തുടരുകയാണെന്ന് കോൺഗ്രസ്. അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീർന്നുടനെ ഇന്ധന വില വർധിപ്പിച്ചത് ബി.ജെ.പിയുടെ കൊള്ളയുടെ ഭാഗമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും അന്യാമായി വർധിപ്പിച്ച വില ഉടൻ പിൻവലിക്കണം. വില കുറച്ച് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
പെട്രോൾ - ഡീസൽ വില ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരണം. എട്ടു ദിവസത്തിനിടെ പെട്രോളിന് 1.40 രൂപയും, ഡിസലിന് 1.63 രൂപയുമാണ് വർധിപ്പിച്ചത്. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കൽ തുടർന്നിരിക്കയാണെന്നും സുർജേവാല കുറ്റപ്പെടുത്തി.
ജനങ്ങൾക്ക് താങ്ങായി മാറേണ്ട നേരത്ത് സർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരോ, ഓക്സിജനോ, അവശ്യ മരുന്നുകളോ ഇല്ല. ശരിയായ വിധം ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വിടുന്നില്ലെന്നും സുർജേവാല പറഞ്ഞു.