ഹിന്ദുത്വ കോട്ടകൾ ഉലഞ്ഞു, ഞെട്ടൽ വിട്ടുമാറാതെ ബിജെപി
|സമാജ്‌വാദി പാർട്ടിയാണ് അയോധ്യയിൽ നേട്ടമുണ്ടാക്കിയത്. മഥുരയില്‍ ബിഎസ്പിയും
ലഖ്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയോധ്യ, വാരാണസി, മഥുര തുടങ്ങിയ ഹിന്ദുത്വ ശക്തികേന്ദ്രങ്ങളിൽ നേരിട്ട തിരിച്ചടി വിശ്വസിക്കാനാകാതെ ബിജെപി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആരംഭിച്ച ഘട്ടത്തിലാണ് ബിജെപിക്ക് പ്രദേശത്ത് വൻ തോൽവി നേരിടുന്നത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ എട്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സമാജ്‌വാദി പാർട്ടിയാണ് അയോധ്യയിൽ നേട്ടമുണ്ടാക്കിയത്. 24 സീറ്റാണ് എസ്പി നേടിയത്. ബിഎസ്പി നാലു സീറ്റും സ്വതന്ത്രർ ആറു സീറ്റും സ്വന്തമാക്കി. തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്ന് അയോധ്യയിലെ ബിജെപി വക്താവ് ദിവാകർ സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കർസേവകർ തകർത്ത ബാബരി മസ്ജിദിന് പകരം സുപ്രിംകോടതി പള്ളി നിർമിക്കാനായി നൽകിയ അഞ്ചേക്കർ നിലകൊള്ളുന്ന സൊഹാവാൾ സബ് ഡിസ്ട്രികിൽ നാലിൽ മൂന്നു സീറ്റും ജയിച്ചത് എസ്പിയാണ്. ഒരിടത്ത് സ്വതന്ത്രനും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലെ 40 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 16 സീറ്റിലും എസ്പി ജയിച്ചു. ഏഴു സീറ്റ് മാത്രമാണ് ബിജെപിക്കു കിട്ടിയത്. ബിഎസ്പിയും അപ്‌നാ ദളും മൂന്നു വീതം സീറ്റുകൾ നേടി. ബാക്കിയുള്ള സീറ്റുകൾ ജയിച്ചത് സ്വതന്ത്രരാണ്.
ക്ഷേത്രനഗരമായ മഥുരയിലെ 33 സീറ്റിൽ എട്ടിടത്ത് മാത്രമാണ് ബിജെപിക്കു ജയിക്കാനായത്. 13 സീറ്റുമായി ബിഎസ്പിയാണ് ഇവിടെ നേട്ടമുണ്ടാക്കിയത്. ജനവിധി അംഗീകരിക്കുന്നതായും തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും ബിജെപി മഥുര ജില്ലാ പ്രസിഡണ്ട് മധു ശർമ്മ പറഞ്ഞു. ഫലം പൂർണമായി പുറത്തുവന്ന ശേഷം ആത്മപരിശോധന നടത്തുമെന്ന് യുപി ബിജെപി വക്താവ് ഹരീഷ് ചന്ദ്ര ശ്രീവാസ്തവ വ്യക്തമാക്കി.
പടിഞ്ഞാറൻ യുപിയിലും തിരിച്ചടി
മൈൻപുരിയിൽ ബിജെപിക്കു വേണ്ടി അങ്കത്തിനിറങ്ങിയ എസ്പി മുൻ അധ്യക്ഷൻ മുലായം സിങ് യാദവിന്റെ ബന്ധു സന്ധ്യ യാദവ് തോറ്റു. എസ്പി പിന്തുണ നൽകിയ സ്വതന്ത്രൻ പ്രമോദ് യാദവാണ് സന്ധ്യയെ തോൽപ്പിച്ചത്. മൈൻപുരിയിൽ 12 സീറ്റിൽ എസ്പി ജയിച്ചു. ബിജെപിക്ക് എട്ടു സീറ്റു മാത്രമേ കിട്ടിയുള്ളൂ. ഒരു സീറ്റിൽ കോൺഗ്രസും ഒമ്പതിടത്ത് സ്വതന്ത്രരും വിജയം കണ്ടു.
അലീഗഡിലെ 47 സീറ്റിൽ 21 ഇടത്തും ജയിച്ചത് സ്വതന്ത്രരാണ്. ബിജെപി ഒമ്പതിടത്തും എസ്പി ഏഴിടത്തും വിജയിച്ചു. ഇറ്റ ജില്ലയിലെ 30 സീറ്റിൽ 15 ഉം സ്വന്തമാക്കിയത് എസ്പിയാണ്. ബിജെപിക്കു കിട്ടിയത് മൂന്നു സീറ്റു മാത്രം. പത്തിടത്ത് സ്വതന്ത്രർ വിജയിച്ചു. ഫിറോസാബാദ് ജില്ലയിലെ 33 വാർഡിൽ 17 ഇടത്തും എസ്പി ജയിച്ചു. ബിജെപിക്ക് അഞ്ചും ബിഎസ്പിക്ക് രണ്ടും സീറ്റു കിട്ടി. ഏഴിടത്ത് ജയിച്ചത് സ്വതന്ത്രരാണ്. മുസഫർ നഗറിലെ 43 സീറ്റിൽ 17 ഇടത്തും ജയിച്ചത് സ്വതന്ത്രരാണ്. മീററ്റിലെ 33 സീറ്റിൽ ആറിടത്തു മാത്രമേ ബിജെപിക്കു ജയിക്കാനായുള്ളൂ.