ബംഗാളിൽ തൃണമൂൽ വിട്ടതിൽ പരസ്യ ക്ഷമാപണത്തോടെ തെരുവിലിറങ്ങി ബിജെപി പ്രവർത്തകർ; റജിബ് ബാനർജിയും ബിജെപി വിട്ടേക്കും
|ബംഗാൾ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷുമായി റജിബ് ബാനർജി കൂടിക്കാഴ്ച നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നവരുടെ തിരിച്ചൊഴുക്ക് തുടരുന്നു. മുൻ ബംഗാൾ മന്ത്രി റജിബ് ബാനർജിയും തൃണമൂലിലേക്ക് തിരിച്ചെത്തിയേക്കും. ബംഗാൾ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷുമായി റജിബ് ബാനർജി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചതിൽ പശ്ചാത്താപം പ്രകടിപ്പിച്ച് പ്രവർത്തകർ രംഗത്തെത്തി. പരസ്യ ക്ഷമാപണത്തോടെ പ്രവർത്തകർ തെരുവിലിറങ്ങി. ഇ-റിക്ഷകൾക്ക് മുകളിൽ തെറ്റിദ്ധരിച്ചു എന്ന് എഴുതിയാണ് പശ്ചാത്താപം പ്രകടിപ്പിച്ചത്.
മുൻ ബിജെപി ഉപാധ്യക്ഷൻ മുകുൾ റോയ് പാർട്ടി വിട്ട് തൃണമൂലിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് റജിബ് ബാനർജി കുനാൽ ഘോഷിനെ കണ്ടത്. അതേസമയം ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും ഇരുനേതാക്കളും പ്രതികരിച്ചു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ അടുത്തിടെ സാമൂഹ്യമാധ്യമത്തിലൂടെ റജിബ് ബാനർജി ബിജെപിയെ വിമർശിക്കുകയും ചെയ്തിരുന്നു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തുകയും ചെയ്ത മുകുള്‍ റോയിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ രംഗത്തെത്തി. ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന ആളാണ് മുകുള്‍ റോയിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പരിഹസിച്ചു.
പണ മോഷണവും സിന്‍ഡിക്കേറ്റ് സംസ്കാരവുമുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും വരുന്ന ആളുകള്‍ക്ക് ബി.ജെ.പിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. മുകുള്‍ റോയി പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് ഒരിക്കലും തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.