തമിഴ്നാട്ടിൽ 921 പേർക്ക് ബ്ലാക് ഫംഗസ്; ഇരുപതിലധികം രോഗികൾ മരിച്ചു
|അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടാസ്ക് ഫോഴ്സ് പഠനം ആരംഭിച്ചു
തമിഴ്നാട്ടിൽ 921 പേരിൽ ബ്ലാക് ഫംഗസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുപതിലധികം രോഗികൾ മരിച്ചു. നിരവധി രോഗികൾ ശസ്ത്രക്രിയക്ക് വിധേയരായി അത്യാസന്നനിലയിലാണ്. 837 പേർ ഇപ്പോഴും ചികിത്സയിലാണ്, ചെന്നൈയിൽ മാത്രം 277 കേസുകൾ സ്ഥിരീകരിച്ചു. ബ്ലാക് ഫംഗസ് അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപീകരിച്ച ടാസ്ക് ഫോഴ്സ് പഠനം ആരംഭിച്ചു.
അതേസമയം ബ്ലാക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നിന് ദൗർലഭ്യമുണ്ടെന്നും 30,000 ഡോസുകൾ ഉടനടി എത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുവരുകയാണെങ്കിലും ഇപ്പോഴും പ്രതിദിനം 20,000ത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്.
പ്രതിദിന മരണനിരക്ക് കുറയാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. നിലവിൽ ഓരോ ദിവസവും 450ഓളം പേരാണ് മരണത്തിന് കീഴടങ്ങുന്നത്. അതിനിടെ കോവിഡ് ബാധിച്ച സിംഹങ്ങളുള്ള ചെന്നൈ വണ്ടലൂർ മൃഗശാല മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിച്ചു. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന എട്ട് സിംഹങ്ങളിൽ രണ്ടെണ്ണത്തിന്റെ നില ഗുരുതരമാണ്.