കോവിഡിന് പിന്നാലെ ബ്ലാക് ഫംഗസ്: റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തിലേറെ കേസുകളെന്ന് മഹാരാഷ്ട്ര
|തൊണ്ണൂറ് പേരാണ് മഹാരാഷ്ട്രയില്‍ ബ്ലാക് ഫംഗസ് ബാധിച്ച് മരിച്ചത്
കോവിഡിന് പിന്നാലെ ബ്ലാക് ഫംഗസ് ഭീതിയില്‍ മഹാരാഷ്ട്ര. സംസ്ഥാനത്ത് 1,500ല്‍ അധികം ബ്ലാക് ഫംഗസ് രോഗികളുള്ളതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.
തൊണ്ണൂറ് പേരാണ് മഹാരാഷ്ട്രയില്‍ ബ്ലാക് ഫംഗസ് ബാധിച്ച് മരിച്ചത്. 800 മുതല്‍ 850 പേര് വരെ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുണ്ട്. രോഗം നേരിടാന്‍ അടിയന്തരമായി മരുന്ന് ലഭ്യമാകേണ്ടതുണ്ടെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നിലവില്‍ സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ട്. ബ്ലാക് ഫംഗസിന് എതിരായ വാക്സിന് രണ്ട് ലക്ഷമെങ്കിലും സംസ്ഥാനത്തിന് വേണ്ടതുണ്ട്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത മരുന്ന ഇതുവരെ എത്തിയില്ലെന്ന് രാജേഷ് ടോപെ പറഞ്ഞു.
ബ്ലാക് ഫംഗസിനെതിരെ ഉപയോഗിക്കുന്ന എംഫോടെറിസന്-ബിയുടെ വിതരണം നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. വിവിധ കമ്പനികളില്‍ നിന്നും 1.9 ലക്ഷം എംഫോടെറിസന് ബി മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തെങ്കിലും തുച്ഛമായ എണ്ണം ഇഞ്ചക്ഷന് മാത്രമാണ് എത്തിച്ചേര്‍ന്നത്. മരുന്ന് ലഭ്യമാക്കാന്‍ പ്രധാനമന്ത്രിയെ കൊണ്ട് ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രിയോട് മഹാരാഷ്ട്ര മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു.