India
കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന: യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച 17കാരന്‍ മരിച്ചു
India

കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന: യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച 17കാരന്‍ മരിച്ചു

Web Desk
|
22 May 2021 6:04 AM GMT

ഉന്നാവില്‍ സ്വന്തം വീടിന് മുന്‍പില്‍​​ പച്ചക്കറി വിൽക്കുകയായിരുന്നു 17കാരനായ ഫൈസൽ ഹുസൈൻ..

ഉത്തര്‍ പ്രദേശില്‍ കോവിഡ്​ കർഫ്യൂ ലംഘനത്തിന് പൊലീസ്​ കസ്റ്റഡിയിലെടുത്ത 17കാരൻ മരിച്ചു. രണ്ട്​ കോൺസ്​റ്റബിൾമാര്‍ക്കെതിരെയും ഒരു ഹോംഗാർഡിനെതിരെയും നടപടിയെടുത്തു. ഉത്തർപ്രദേശിലെ ഉന്നാവിലാണ്​​ സംഭവം.

ഉന്നാവിലെ ഭട്​പുരിയില്‍ സ്വന്തം വീടിന് മുന്‍പില്‍​​ പച്ചക്കറി വിൽക്കുകയായിരുന്നു 17കാരനായ ഫൈസൽ ഹുസൈൻ. ഇവിടെ നിന്നാണ്​ ബാലനെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ മർദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു​. മർദനത്തെ തുടർന്ന്​ ബാല​ന്‍റെ ആരോഗ്യനില ഗുരുതരമായി. തുടർന്ന്​ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ബാലന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് പൊലീസുകര്‍ക്കെതിരെ നടപടിയെടുത്തത്.

വിജയ്​ ചൗധരി, സീമാവത് എന്നീ ​കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തു. ഇവരെ സസ്പെന്‍ഡ് ചെയ്തു. ഹോംഗാർഡ്​ സത്യപ്രകാശിനെ പിരിച്ചുവിട്ടെന്നും ഉന്നാവ് പൊലീസ് അറിയിച്ചു. കോവിഡ്​ വ്യാപനത്തി​ന്‍റെ പശ്ചാത്തലത്തിൽ മേയ്​ 24 വരെയാണ്​ ഉത്തര്‍പ്രദേശില്‍ കർഫ്യൂ.

Similar Posts