കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന: യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച 17കാരന് മരിച്ചു
|ഉന്നാവില്‍ സ്വന്തം വീടിന് മുന്പില് പച്ചക്കറി വിൽക്കുകയായിരുന്നു 17കാരനായ ഫൈസൽ ഹുസൈൻ..
ഉത്തര്‍ പ്രദേശില്‍ കോവിഡ് കർഫ്യൂ ലംഘനത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരൻ മരിച്ചു. രണ്ട് കോൺസ്റ്റബിൾമാര്‍ക്കെതിരെയും ഒരു ഹോംഗാർഡിനെതിരെയും നടപടിയെടുത്തു. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം.
ഉന്നാവിലെ ഭട്പുരിയില് സ്വന്തം വീടിന് മുന്പില് പച്ചക്കറി വിൽക്കുകയായിരുന്നു 17കാരനായ ഫൈസൽ ഹുസൈൻ. ഇവിടെ നിന്നാണ് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മർദനത്തെ തുടർന്ന് ബാലന്റെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ബാലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് പൊലീസുകര്‍ക്കെതിരെ നടപടിയെടുത്തത്.
വിജയ് ചൗധരി, സീമാവത് എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ സസ്പെന്‍ഡ് ചെയ്തു. ഹോംഗാർഡ് സത്യപ്രകാശിനെ പിരിച്ചുവിട്ടെന്നും ഉന്നാവ് പൊലീസ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 24 വരെയാണ് ഉത്തര്‍പ്രദേശില്‍ കർഫ്യൂ.