കയ്യേറ്റം പരിശോധിക്കാനെത്തിയ കോണ്‍ഗ്രസ് എം.എല്‍.എക്ക് നേരെ വെടിവെപ്പ്; വീഡിയോ വൈറല്‍
|സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആശങ്ക പ്രകടിപ്പിക്കുകയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ജി പി സിംഗിനോട് പ്രദേശത്ത് പോയി സ്ഥിതി നിരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു
അസം - നാഗാലാന്‍റ് അതിര്‍ത്തി ജില്ലയായ ജോഹാര്‍ത്തിലെ വനത്തില്‍ വെച്ച് അസമിലെ കോൺഗ്രസ് എംഎൽഎക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിവെപ്പ്. ദൃശ്യത്തില്‍ എം.എല്‍.എയും സുരക്ഷ ഉദ്യോഗസ്ഥരും കാട്ടിലൂടെ ഓടുന്നതായി കാണാം. ബോര്‍ഡറിന്‍റെ നാഗാലാന്‍റ് ഭാഗത്ത് നിന്നാണ് വെടിയുണ്ടകള്‍ വന്നതെന്ന് അസം പോലീസ് പറയുന്നു.
ഡെസോയി വാലി റിസര്‍വ് വന മേഖലയില്‍ കയ്യേറ്റം നടക്കുന്നു എന്ന വിവരപ്രകാരം അത് പരിശോധിക്കാനായെത്തിയ മറിയാനി എം.എല്‍.എ റുപ്ജ്യോതി കുമ്റിയും സുരക്ഷ ഉദ്യോഗസ്ഥരും അവിടെയെത്തിയത്. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കല്‍ നടന്നത്. അപകടത്തില്‍ നിന്നും എം.എല്‍.എയും സംഘവും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആശങ്ക പ്രകടിപ്പിക്കുകയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ജി പി സിംഗിനോട് പ്രദേശത്ത് പോയി സ്ഥിതി നിരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ചരൈദിയോ, ശിവസാഗർ, ജോർഹട്ട്, ഗോലഘട്ട്, കാർബി ആംഗ്ലോംഗ് എന്നീ അഞ്ച് ജില്ലകളിലാണ് അസം നാഗാലാൻഡുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്നത്. ഈ പ്രദേശങ്ങളിലെ അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത് ഇപ്പോള്‍ പതിവാണ്.
'മൂന്ന് ദിവസം മുമ്പ് നാഗാലാന്‍റ് നിവാസികൾ അസമിലെ കാട്ടിലെത്തി മരങ്ങൾ മുറിക്കുന്നതായും വീടുകൾ പണിയുന്നതായും സോളാർ പാനലുകൾ സ്ഥാപിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞങ്ങളെ കണ്ടയുടൻ അവർ വെടിവെക്കാനാരംഭിച്ചു. ഇന്ന് ഞാൻ ഒരു രക്തസാക്ഷിയായി മാറിയേനെ. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.' കുർമി പറഞ്ഞു.