ബംഗാള്‍: തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്താനുള്ള ഉത്തരവ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതി
|സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച സംഘത്തിന്റെ അന്വേഷണം തടയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. അഞ്ച് ജഡ്ജിമാരുടെ സംഘത്തെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ചത്. ഇവരെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടണം എന്നായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജൂണ്‍ 18ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ മനുഷ്യാവകാശ കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാതെയാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഉത്തരവ് പശ്ചിമ ബംഗാളിന് എതിരാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപ്രസക്തരാക്കുന്ന ഉത്തരവാണെന്നും അതുകൊണ്ട് ഉത്തരവ് പിന്‍വലിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.