India
കോവാക്സിനില്‍ പശുവിന്‍റെ സെറമില്ല; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍
India

കോവാക്സിനില്‍ പശുവിന്‍റെ സെറമില്ല; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

Web Desk
|
16 Jun 2021 11:15 AM GMT

കോവാക്സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഭാരത് ബയോടെകിന്‍റെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിനില്‍ പശുവിന്‍റെ സെറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രസര്‍ക്കാര്‍. കോവാക്സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

കോവാക്സിനില്‍ പശുവിന്‍റെ സെറം അടങ്ങിയിട്ടുണ്ടെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളി‍ല്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. അത് തെറ്റാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണത്തില്‍ പറയുന്നു.

ആഗോളതലത്തില്‍ വെറോ സെല്ലിന്‍റെ വളര്‍ച്ചയ്ക്ക് മൃഗങ്ങളുടെ സെറം ഉപയോഗിക്കാറുണ്ട്. കോശങ്ങളുടെ കള്‍ച്ചറിന് ഉപയോഗിക്കുന്ന വെറോ സെല്ലുകളുടെ നിര്‍മിതിക്കും വളര്‍ച്ചയ്ക്കുമാണ് പശുക്കുട്ടിയുടെ സെറം പ്രധാനമായും ഉപയോഗിക്കുന്നത്. പോളിയോ, പേപ്പട്ടി വിഷബാധ എന്നിവയെ പ്രതിരോധിക്കാനുള്ള വാക്സിനുകളില്‍ ഈ രീതി ഉപയോഗിക്കാറുണ്ട്. എന്നാല്‍, കോവാക്സിനില്‍ ഇതുപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

വെറോസെല്ലുകളില്‍ കൊറോണ വൈറസിനെ ഉപയോഗിച്ച് അണുബാധയേല്‍പ്പിക്കുന്നതാണ് വാക്സിന്‍ നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടം. ഇതുവഴി വെറോ സെല്ലുകള്‍ പൂര്‍ണമായും നശിക്കുന്നു. ഇതിലൂടെ വികസിപ്പിച്ചെടുക്കുന്ന വൈറസുകളെ പൂര്‍ണമായി കൊല്ലുന്നതാണ് അടുത്ത ഘട്ടം. ഇവയെയാണ് വാക്സിന്‍ നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ട്, കോവാക്സിന്‍ നിര്‍മാണത്തിന്‍റെ അവസാനഘട്ടത്തില്‍ പശുവിന്‍റെ സെറം ഉപയോഗിക്കുന്നില്ലെന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്.

Related Tags :
Similar Posts