കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതി ഒഴിവാക്കിയാല്‍ വില കൂടും; നിര്‍മല സീതാരാമന്
|പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കത്തിന് മറുപടിയായാണ് കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം.
കോവിഡ് പ്രതിരോധത്തിന് ആവശ്യമായി വരുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതി ഒഴിവാക്കണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം തള്ളി കേന്ദ്രം. ചെലവ് കുറയ്ക്കാൻ വാക്സിനുകൾക്ക് അഞ്ചു ശതമാനം നികുതിയും മരുന്നുകൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കും 12 ശതമാനം നികുതിയും അനിവാര്യമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി.
ജി.എസ്.ടിയിൽ നിന്ന് പൂർണ ഇളവ് നൽകിയാൽ ആഭ്യന്തര ഉൽപാദകർക്ക് അവരുടെ നിക്ഷേപങ്ങൾക്കും സേവനങ്ങൾക്കും അടച്ച നികുതി നികത്താൻ കഴിയില്ല. ഇതോടെ ഉപകരണങ്ങളുടെ വില വർധിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരാകുമെന്നും ഇത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുമെന്നും ധനമന്ത്രി വിശദീകരിച്ചു.
പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ചരക്ക് സേവന നികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നത്. കോവിഡ് വാക്സിന്റെ ജി.എസ്.ടിയിൽ പകുതി കേന്ദ്രത്തിനും പകുതി സംസ്ഥാനങ്ങൾക്കുമാണ്. കൂടാതെ, കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയുടെ 41 ശതമാനവും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്നും നിര്‍മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
കോവിഡ് ചികിത്സ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ വിതരണം വർധിപ്പിക്കാനും മമത കത്തിൽ ആവശ്യപ്പെട്ടിരുന്നു.