India
സെൻട്രൽ വിസ്തയ്ക്കായി പുതിയ പോർട്ടലും; വിമർശനങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രം
India

സെൻട്രൽ വിസ്തയ്ക്കായി പുതിയ പോർട്ടലും; വിമർശനങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രം

Web Desk
|
2 Jun 2021 3:26 PM GMT

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കി നിർമാണത്തിൽ സുതാര്യത നിലനിർത്താനാണ് പോർട്ടൽ ആരംഭിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം

പ്രതിപക്ഷ പാർട്ടികളുടെയക്കം ശക്തമായ വിമർശനം തുടരുന്നതിനിടെ സെൻട്രൽ വിസ്ത പദ്ധതിക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോവിഡ് പ്രതിരോധത്തിനിടെ കോടികൾ ചെലവിട്ടും ത്വരിതവേഗത്തിലും നടക്കുന്ന സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്കെതിരെ സമൂഹത്തിന്റെ പലകോണുകളിൽനിന്നും വൻ വിമർശനമാണ് ഉയരുന്നത്. ഇതിനിടെയാണ് പദ്ധതിയുടെ വിശദവിവരങ്ങൾ നൽകാനായി പ്രത്യേക പോർട്ടൽ ആരംഭിക്കുന്നത്.

ഭവന, ഗ്രാമീണ വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കി നിർമാണത്തിൽ സുതാര്യത നിലനിർത്താനാണ് പോർട്ടൽ ആരംഭിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭിക്കുന്നതോടെ സാധാരണക്കാരുടെ സംശയങ്ങൾ ദൂരീകരിക്കാനാകുമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.

ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് പുതിയ വസതികൾ, പുതിയ പാർലമെന്റ് കെട്ടിടം, പാർലമെന്റ് അംഗങ്ങളുടെ കാര്യാലയങ്ങൾ, പുതിയ 10 കെട്ടിടങ്ങൾ അടങ്ങുന്ന പൊതുസെക്രട്ടറിയേറ്റ് അടങ്ങുന്നതാണ് സെൻട്രൽ വിസ്ത പുനർവികസന പദ്ധതി. ഇതിന്റെ ഭാഗമായി നിരവധി ചരിത്ര നിർമിതികളും കേന്ദ്രങ്ങളും പൊളിക്കുന്നുമുണ്ട്. മൊത്തം 23,000 കോടി രൂപ ചെലവ് കണക്കാക്കുന്ന നിർമാണ പ്രവൃത്തികൾ 2024ഓടെ പൂർത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നിർമാണത്തിന്റെ കാലാവധി പിന്നീട് 2026ലേക്ക് നീട്ടിയിട്ടുണ്ട്.

Related Tags :
Similar Posts