ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സാധ്യത
|2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് 18 ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജൂണ്‍ 24ന് കശ്‌രിലെ 14 രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പ്രധാനമന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ സംസ്ഥാന പദവി സംബന്ധിച്ച് ചര്‍ച്ചയുണ്ടാവും.
അതേസമയം കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് കശ്മീരിലെ പ്രാദേശിക പാര്‍ട്ടികളും പ്രതിപക്ഷ കക്ഷികളും എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. പ്രത്യേക പദവി തിരിച്ചുകിട്ടാതെ സംസ്ഥാന പദവി മാത്രം നല്‍കുന്നതിനോട് പ്രാദേശിക പാര്‍ട്ടികള്‍ യോജിക്കാന്‍ സാധ്യതയില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മെഹബൂബ മുഫ്തി പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ജമ്മു കശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.