"രാജ്യത്തെ കുട്ടികളല്ല, സിംഗപ്പൂരുമായുള്ള ബന്ധമാണ് കേന്ദ്രത്തിന് ആശങ്ക": ഡല്‍ഹി ഉപമുഖ്യമന്ത്രി
|സിംഗപ്പൂര്‍ വകഭേദമെന്ന പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കേന്ദ്രം വിമര്‍ശിച്ചിരുന്നു.
കൊറോണ വൈറസിന്‍റെ സിംഗപ്പൂര്‍ വകഭേദത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചതില്‍ പ്രതികരണവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ കുട്ടികളെക്കുറിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ ഉത്കണ്ഠപ്പെടുന്നത്. എന്നാല്‍, സിംഗപ്പൂരുമായുള്ള ബന്ധത്തെക്കുറിച്ചാണ് കേന്ദ്രവും ബി.ജെ.പിയും ആശങ്കപ്പെടുന്നതെന്ന് സിസോദിയ പറഞ്ഞു.
സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ അരവിന്ദ് കെജ്രിവാള്‍ സിംഗപ്പൂര്‍ വകഭേദം എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി സിംഗപ്പൂര്‍ കടുത്ത അതൃപ്തി അറിയിക്കുകയും ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം തന്നെയാണ് സിംഗപ്പൂരിലും കണ്ടെത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കെജ്രിവാളിനെ വിമര്‍ശിച്ച് കേന്ദ്രം രംഗത്തുവന്നത്. 'ഇന്ത്യയും സിംഗപ്പൂരും ഒരുമിച്ചാണ് കോവിഡിനെതിരെ പൊരുതുന്നത്. ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ സിംഗപ്പൂര്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദബന്ധത്തെ മോശമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വേണ്ടി സംസാരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ ട്വീറ്റ്.
സിംഗപ്പൂരില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദം കുട്ടികളെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് അടിയന്തരമായി നിരോധിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.