ജനങ്ങളെ സഹായിക്കുകയാണ് ചെയ്തത്; ബി.വി ശ്രീനിവാസിന് ഡൽഹി പൊലീസിന്റെ ക്ലീൻ ചിറ്റ്
|ഇത് സംബന്ധിച്ച് പൊലീസ് ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
കോവിഡ് മരുന്നുകൾ പൂഴ്ത്തിവെപ്പ് നടത്തിയെന്ന കേസിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിന് ഡൽഹി പൊലീസിന്റെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച് പൊലീസ് ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശ്രീനിവാസ് അടക്കമുള്ളവർ ജനങ്ങളെ സഹായിക്കുകയായിരുന്നെന്നും തട്ടിപ്പിന് ശ്രമം നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ബി.വി ശ്രീനിവാസിനെ കൂടാതെ ബിജെപി എം പി ഗൗതം ഗംഭീർ, ആം ആദ്മി നേതാവ് ദിലീപ് പാണ്ഡെ എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.
കോവിഡ് മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ശ്രീനിവാസന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനധികൃതമായി വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ദീപക് സിങ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണത്തിന് ഹൈക്കോടതി ഡല്‍ഹി പൊലീസിനെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ചാണ് യൂത്ത് കോണ്‍ഗ്രസ് ഓഫീസിലെത്തി ശ്രീനിവാസിന്റെ മൊഴിയെടുത്തത്.