India
എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പോലും ചികിത്സയില്ല: കോവിഡ് പ്രതിരോധത്തില്‍ യോഗി പരാജയമെന്ന് ബിജെപി എംഎല്‍എ
India

എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പോലും ചികിത്സയില്ല: കോവിഡ് പ്രതിരോധത്തില്‍ യോഗി പരാജയമെന്ന് ബിജെപി എംഎല്‍എ

Web Desk
|
1 May 2021 6:03 AM GMT

യുപിയിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്രസിംഗ് ആണ് യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയമെന്ന വിമര്‍ശനവുമായി ബിജെപി എംഎല്‍എ. യുപിയിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്രസിംഗ് ആണ് യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് യാതൊരു പ്രശ്നവുമില്ലെന്ന് യോഗി ആവര്‍ത്തിക്കുമ്പോഴാണ് മുഖ്യമന്ത്രി കോവിഡ് പ്രതിരോധത്തില്‍ പരാജയമെന്ന് പറഞ്ഞുകൊണ്ട് ഭരണപക്ഷത്തുനിന്നുള്ള എംഎല്‍എ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബ്യൂറോക്രസിയുടെ സഹായത്തോടെയുളള യോഗി സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്നാണ് സിംഗിന്‍റെ വിമര്‍ശനം. എംഎല്‍എമാര്‍ക്ക് പോലും മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും എംഎല്‍എ പറഞ്ഞു. സിസ്റ്റത്തിന്‍റെ പരാജയമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി എംഎല്‍എമാര്‍ പോലും ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുകയാണെന്നും സിംഗ് പറഞ്ഞു. ബൈരിയയിലെ വസതിയ്ക്ക് സമീപം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. അത്തരത്തില്‍ വ്യാജപ്രചരണം നടത്തുന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കാനാകാതെ നിറഞ്ഞു കഴിഞ്ഞു. ശ്വാസം ലഭിക്കാതെ പലരും തെരുവുകളില്‍ കാത്ത് നില്‍ക്കുകയാണ്.

കോവിഡ് രോഗിയായ മകന് റെംഡെസിവര്‍ മരുന്ന് ലഭിക്കാന്‍ വേണ്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ പിടിച്ചു അപേക്ഷിക്കുന്ന ഒരമ്മയുടെ ചിത്രം പുറത്തു വന്നത് നോയ്ഡയില്‍ നിന്നായിരുന്നു. മരുന്ന് ലഭിക്കാതെ ആ അമ്മയുടെ മകന്‍ മരിക്കുകയും ചെയ്തു. കോവിഡില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ ഭര്‍ത്താവിന് നിര്‍ത്തിയിട്ട ഓട്ടോയില്‍ വെച്ച് പ്രാണവായു നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രവും പുറത്തു വന്നിരുന്നു. ആ ഭാര്യയുടെ മടിയില്‍ കിടന്ന് ഭര്‍ത്താവ് മരണപ്പെട്ടു.

Related Tags :
Similar Posts