കോവിഡ് വാക്‌സിൻ: തേജസ്വി സൂര്യ സ്വകാര്യ ആശുപത്രിയിൽനിന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം
|ഡോസിന് 700 രൂപ വീതമാണ് ബിജെപി എംപി തേജസ്വി സൂര്യയും അമ്മാവനും മുൻ ബിജെപി എംഎൽഎയുമായ രവി സുബ്രമണ്യയും ആശുപത്രിയിൽനിന്ന് കൈപ്പറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു
കോവിഡ് ആശുപത്രി കിടക്കക്ക് കോഴ വാങ്ങുന്നതായി ആരോപണമുയർത്തിയ ബിജെപി എംപി തേജസ്വി സൂര്യ സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്‌സിന്റെ പേരിൽ കൈക്കൂലി വാങ്ങിയതായി ആരോപണം. കർണാടക കോൺഗ്രസ് നേതാക്കളാണ് തേജസ്വിക്കും അമ്മാവനുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തേജസ്വിയും അമ്മാവനും മൂന്നു തവണ ബിജെപി എംഎൽഎയുമായ രവി സുബ്രമണ്യയും ജനങ്ങളോട് ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്‌സിനെടുക്കാൻ ആവശ്യപ്പെട്ടെന്നാണ് പരാതി. പകരമായി ആശുപത്രിയിൽനിന്ന് ഇവർ ഓരോ ഡോസിനും 700 രൂപ വീതം കമ്മീഷൻ കൈപറ്റുകയും ചെയ്തുവെന്നാണ് ആരോപണം.
കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശ്രീനിവാസ് എന്നിവരാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഉന്നയിച്ചത്. ആശുപത്രി അധികൃതർ രോഗികളോട് പറയുന്നതിന്റെ ശബ്ദരേഖയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. വാക്‌സിന് 900ത്തിൽ കുറഞ്ഞ ഫീ അനുവദിക്കാനാകില്ലെന്നും ഇതിൽതന്നെ 700 രൂപ രവി സുബ്രമണ്യയ്ക്ക് നൽകാനുള്ളതാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇതേ ആശുപത്രിയിൽനിന്ന് വാക്‌സിനെടുക്കാൻ തേജസ്വി സൂര്യ ആവശ്യപ്പെടുന്ന പരസ്യപ്പലകകൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ടെന്നും ഇതും ഇടപാടിന്റെ തെളിവാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
തേജസ്വിക്കും രവിക്കുമെതിരെ സാമൂഹികപ്രവർത്തകനായ വെങ്കടേഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണം ഉയർന്നതിനു പിറകെ രവി സുബ്രമണ്യ സ്വകാര്യ ആശുപത്രി സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്.