താന്‍ ഇന്ത്യയില്‍ കാല് കുത്തുമ്പോള്‍ മാത്രമേ രാജ്യം കോവിഡ് മുക്തമാവൂ എന്ന് നിത്യാനന്ദ
|മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപമുള്ള സ്വകാര്യദ്വീപ് വാങ്ങി അത് ഒരു രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.
താന്‍ ഇന്ത്യയില്‍ കാല് കുത്തുമ്പോള്‍ മാത്രമേ രാജ്യം കോവിഡ് മുക്തമാവൂ എന്ന് വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ വീഡിയോയില്‍ നിത്യാനന്ദയുടെ ശിഷ്യന്മാരില് ഒരാളാണ് അദ്ദേഹത്തോട് ഇന്ത്യയില്‍ കോവിഡ് എന്ന് തീരുമെന്ന് ചോദിക്കുന്നത്. 'അമ്മാന്' ദേവി തന്റെ ആത്മീയ ശരീരത്തില്‍ പ്രവേശിച്ചുവെന്നും താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ മാത്രമേ ഇന്ത്യ കോവിഡ് മുക്തമാവുകയുള്ളൂ എന്നുമാണ് ഇതിന് നിത്യാനന്ദയുടെ മറുപടി.
മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപമുള്ള സ്വകാര്യദ്വീപ് വാങ്ങി അത് ഒരു രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. കൈലാസ എന്നാണ് രാജ്യത്തിന് പേരിട്ടിരിക്കുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കൈലാസയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഭക്തര്‍ക്ക് പ്രവേശാനുമതി നിഷേധിച്ചിരുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുള്ള സ്വയംഭരണ രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാം ഇവര്‍ക്കുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. പീഡനം അടക്കമുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും ഇന്റര്‍പോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ.
ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടു പോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ. രാജശേഖരൻ എന്നറിയപ്പെടുന്ന ഇദ്ദേഹം തമിഴ്നാട് സ്വദേശിയാണ്. രണ്ടായിരത്തിൽ ബംഗളൂരുവിൽ ആശ്രമം സ്ഥാപിച്ചതോടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2010ൽ തെന്നിന്ത്യൻ നടിയുമൊന്നിച്ചുള്ള വീഡിയോ പുറത്തുവന്നതോടെ ആശ്രമം വാർത്തകളിൽ നിറഞ്ഞു. ഇതിനു പിന്നാലെ ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കർണാടക പൊലീസ് അറസ്റ്റു ചെയ്തു. ഈ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
നിത്യാനന്ദ നടത്തുന്ന ആശ്രമത്തിൽ തങ്ങളുടെ പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണ് എന്നും അവരെ വീട്ടിൽ തിരികെയെത്തിക്കാൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഗുജറാത്തിലെ ദമ്പതികൾ ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് ഇയാളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും തല പൊക്കിയത്. പിന്നീട് ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ രാജ്യം വിട്ടതായി കണ്ടെത്തുകയായിരുന്നു.