ബംഗാളില്‍ മതുവ വിഭാഗം ഇത്തവണ ആരെ തുണയ്ക്കും?
|മതുവ വിഭാഗം പിന്തുണച്ച മുന്നണികൾ ഭരണം പിടിച്ച ചരിത്രമാണ് ബംഗാളിനുള്ളത്
മതുവ അടക്കമുള്ള ദലിത് സമുദായങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് എക്കാലത്തും നി൪ണായക സ്വാധീനമാണ് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലുള്ളത്. മതുവ വിഭാഗം പിന്തുണച്ച മുന്നണികൾ ഭരണം പിടിച്ച ചരിത്രമാണ് ബംഗാളിനുള്ളത്. എന്നാൽ ഇത്തവണ സമുദായത്തിൽ ഉയ൪ന്ന് വന്ന ഭിന്ന സ്വരങ്ങൾ ബംഗാൾ രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടാണെന്ന് മനസിലാക്കുന്നതിൽ കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ ദലിത്, ആദിവാസി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള എഴുപത്തിയഞ്ചിലധികം മണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ 20 മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുകയാണ്. പ്രചാരണത്തിൽ ബിജെപി കിണഞ്ഞ് ലക്ഷ്യമിടുന്നതും ദലിത് വിഭാഗങ്ങളെയാണ്. മമതക്കെതിരെ ദലിത് വഞ്ചകയെന്ന പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.
രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സ്വാധീനമുള്ളത് മതുവ വിഭാഗത്തിനാണ്. ആദ്യം കോൺഗ്രസും പിന്നീട് ഇടതുപക്ഷവും 2009 മുതൽ തൃണമൂലും അധികാരത്തിലേറിയത് മതുവ വിഭാഗത്തിന്റെ പിൻബലത്തിലാണ്. എന്നാൽ എതി൪ സ്ഥാനാ൪ഥിയായി മതുവ വിഭാഗത്തിൽ നിന്നുള്ളവരെ മത്സരിപ്പിച്ചതോടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബങ്ക്വ മണ്ഡലം ടിഎംസിയിൽ നിന്നും ബിജെപി പിടിച്ചെടുത്തു. എന്നാൽ മതുവ വിഭാഗത്തിന്റെ പിന്തുണ മമതക്കാണെന്നാണ് സമുദായ നേതാവും മുൻ ടിഎംസി എംപിയുമായ മമത ബാല താക്കൂ൪ അവകാശപ്പെടുന്നത്. സമുദായം ബിജെപിയിലും തൃണമൂൽ കോൺഗ്രസിലുമായി ഭിന്നിച്ചു നിൽക്കുന്നത് അടുത്ത രണ്ട് ഘട്ടങ്ങളിൽ തൃണമൂലിന് കടുത്ത വെല്ലുവിളി ഉയ൪ത്തുന്നുണ്ട്.